മുംബൈ: റിലയന്‍സ് ജിയോ നവംബര്‍ മാസത്തില്‍ 20.19 ലക്ഷം വരിക്കാരെ പുതുതായി ചേര്‍ത്തതായി കണക്കുകള്‍. സെപ്തംബറില്‍ നേരിട്ട തിരിച്ചടിയില്‍ നിന്നും ഒക്ടോബറോടെ കരകയറിയ ജിയോ നവംബറില്‍ വീണ്ടും പുതിയ വരിക്കാരെ കൂടുതലായി ചേര്‍ത്തു. പ്രതിമാസ പ്രകടന റിപ്പോർട്ട് പ്രകാരം നവംബറിൽ ജിയോയ്ക്ക് കൂടുതലായി ലഭിച്ചത് 20.19 ലക്ഷം ഉപയോക്താക്കളെയാണ്.
ഇതോടെ ജിയോയുടെ ഇന്ത്യയിലെ വരിക്കാരുടെ എണ്ണം 42.86 കോടിയായി. അതേസമയം, എയര്‍ടെല്ലിനും നവംബര്‍ നേട്ടമുണ്ടാക്കിയെന്നാണ് ട്രായി കണക്കുകള്‍ പറയുന്നത്. 13.18 ലക്ഷം പുതിയ ഉപയോക്താക്കള്‍ എയര്‍ടെല്ലില്‍ കണക്ഷന്‍ തേടിയെത്തി. എയര്‍ടെല്ലിന്‍റെ വരിക്കാരുടെ എണ്ണം ഇതോടെ 35.52 കോടിയായി വര്‍ദ്ധിച്ചു.
അതേസമയം സാമ്പത്തിക പ്രതിസന്ധിയിലായ വോഡഫോണ്‍ ഐഡിയ (VI)യില്‍ നിന്നും ഉപയോക്താക്കള്‍ ചോരുന്ന കഴ്ചയ്ക്കാണ് നവംബര്‍ സാക്ഷിയായത്. 18.97 ലക്ഷം ഉപയോക്താക്കളെ നവംബറില്‍ മാത്രം വി ക്ക് നഷ്ടമായി. ഇതോടെ വോഡഫോണ്‍ ഐഡിയയുടെ വരിക്കാരുടെ എണ്ണം 26.71 കോടിയായി. ബിഎസ്‌എൻഎല്ലിന് നവംബറിൽ 2.4 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ ബിഎസ്‌എൻഎലിന്റെ മൊത്തം വരിക്കാർ 11.31 കോടിയുമായി.