കൊച്ചി: ഗോദ്രെജ് ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ ഗോദ്രെജ് ഇന്റീരിയോ ”എലെമെന്റ്സ് ഓഫ് എ ഹീലിങ് എന്വിയോണ്മെന്റ് ” റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രോഗികളുടെ ആശങ്കകള്‍, ആരോഗ്യ സംരക്ഷണ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ മാറുന്ന മുഖം, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ആരോഗ്യ ആശങ്കകള്‍ എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
മനുഷ്യത്വ കേന്ദ്രീകൃതമായ ഒരു പരിചരണ മാതൃകയെ സമീപിക്കുമ്പോള്‍ മാത്രമേ, രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നഴ്സുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ക്കും ആരോഗ്യരക്ഷാ ഇടങ്ങള്‍ കൂടുതല്‍ സുഖകരവും സ്വീകാര്യവുമാകൂവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
മുന്‍കൂട്ടി അപോയിന്റ്മെന്റ് എടുത്താല്‍ പോലും ഔട്ട് പേഷ്യന്റ് ഡിപാര്‍ട്ട്മെന്റില്‍ ഒരു രോഗിക്ക് ശരാശരി 30-35 മിനിറ്റ് കാത്തിരിക്കേണ്ടിവരുന്നെന്നും റിപോര്‍ട്ട് പറയുന്നു. ആശുപത്രി സന്ദര്‍ശിക്കുന്ന രോഗികളുടെയും കുടുംബാംഗങ്ങളുടെയും സമ്മര്‍ദ്ദം കുറയ്ക്കാനായി പലവിധ പരിഹാരങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്. ഊഴം കാത്തിരിക്കുന്ന രോഗികളെ സജീവമാക്കാനായി വൈ-ഫൈ ഏര്‍പ്പെടുത്തുക, മതിലുകള്‍ക്ക് ഇളം നിറങ്ങള്‍ നല്‍കുക, സൗകര്യപ്രദവും എളുപ്പത്തില്‍ വൃത്തിയാക്കാവുന്നതുമായ ഫര്‍ണീച്ചറുകള്‍ ഇടുക, സ്വാഭാവിക വെളിച്ചം ലഭ്യമാകുന്ന തരത്തില്‍ ജനലകള്‍ സജ്ജീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്.
നഴ്സിംഗ് ജീവനക്കാരെ ഹൈ-റിസ്ക്ക് ഗ്രൂപ്പായാണ് കണ്ടെത്തിയിരിക്കുന്നത്. 90 ശതമാനം നഴ്സുമാര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ശാരീരിക വേദനകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. തൊഴില്‍പരമായി ഉണ്ടാകുന്ന പരിക്കുകളാണ് മിക്കവാറും കാരണം. ഡോക്ടര്‍മാരും നഴ്സുമാരും കൂടുതല്‍ സമയവും നിന്നു തൊഴില്‍ ചെയ്യുന്നവരാണ് അല്ലെങ്കില്‍ സുഖകരമല്ലാത്ത അവസ്ഥയില്‍ ജോലി ചെയ്യുന്നവരാണ്. മെഡിക്കല്‍ സ്റ്റാഫിന്റെ ആരോഗ്യം രോഗി പരിചരണത്തിന് നിര്‍ണായകമാണ്.
നിലവില്‍ പഠനത്തില്‍ പങ്കെടുത്ത 20 ശതമാനം പേരും ടെലി കണ്‍സള്‍ട്ടേഷനാണ് താല്പര്യം പ്രകടിപ്പിച്ചത്. ചെറിയ അസുഖങ്ങള്‍ക്ക് യാത്ര, സമയ നഷ്ടം തുടങ്ങിയവ ഒഴിവാക്കാം. ഭാവിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് പോലുള്ള സൗകര്യങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പ്രത്യേകിച്ച് ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ളവര്‍ക്ക്.