തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടയ്ക്കില്ല. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ തുടരും. കോളജ് ക്ലാസുകളും ഓഫ്ലൈനായിത്തന്നെ തുടരും. സ്കൂളുകൾ പൂർണമായി അടക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾക്ക് തീരുമാനമായി. അവശ്യസര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. മാളുകളും തീയറ്ററുകളും പ്രവര്‍ത്തിക്കില്ല.
തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിയന്ത്രണമേറും. പൊതുപരിപാടികള്‍ക്ക് പൂര്‍ണവിലക്ക് ഏർപ്പെടുത്തും. സ്വകാര്യചടങ്ങില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം. തിയറ്റര്‍, ബാര്‍ നിയന്ത്രണം കലക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പൊതു–സ്വകാര്യ ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് പങ്കെടുക്കാം. മറ്റു ജില്ലകളില്‍ കലക്ടര്‍മാര്‍ക്ക് നിയന്ത്രണം തീരുമാനിക്കാം.
അതേസമയം കേരളത്തിലെ ആശുപത്രികളിൽ ഡിസ്ചാർജ് പോളിസി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവർ എന്നിങ്ങനെ കോവിഡ് രോഗ തീവ്രത അനുസരിച്ചാണ് ഡിസ്ചാർജ് പോളിസി പുതുക്കിയത്. നേരിയ രോഗലക്ഷണമുള്ളവർക്ക് ആശുപത്രി വിടുന്നതിന് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല.
രോഗ ലക്ഷണങ്ങളുള്ള രോഗികൾ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് മുതലോ, ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ കൊവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടിൽ 7 ദിവസം നിരീക്ഷണത്തിൽ കഴിയുക. അതോടൊപ്പം മൂന്ന് ദിവസം തുടർച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താൽ ഗൃഹ നിരീക്ഷണം അവസാനിപ്പിക്കാം തുടങ്ങിയവയാണ് നിർദേശങ്ങൾ.