കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് ബിഷപ്പ് ആന്റണി കരിയില്‍. സിനഡ് തീരുമാനം എറണാകുളം അങ്കമാലി അതിരൂപത നടപ്പാക്കില്ല. ഇളവ് നല്കിയ ഉത്തരവ് തിരുത്താന്‍ കഴിയില്ലെന്ന തീരുമാനം വത്തിക്കാനെ അറിയിച്ചു. ഇളവ് തുടരുമെന്ന ഉറപ്പ് പത്രക്കുറിപ്പായി നല്കി വൈദികര്‍ നിരാഹാരം അവസാനിപ്പിച്ചു.
ഏകീകൃത കുർബാന നടപ്പിലാക്കാൻ രൂപതയിൽ സർക്കുലർ ഇറക്കണമെന്ന് സിനഡിൻ്റെ നിർദ്ദേശം ബിഷപ്പ് തള്ളി. സർക്കുലർ ഇറക്കില്ല എന്നത് സംബന്ധിച്ച ബിഷപ്പിൻ്റെ വാർത്ത കുറിപ്പ് പിആർഒ ഫാദർ മാത്യു കിലിക്കൻ വായിച്ചു. പുരോഹിതരുടെ നിരാഹാരം അവസാനിപ്പിക്കാൻ മറ്റുവഴികൾ ഒന്നുമില്ലെന്ന് ബിഷപ് പറയുന്നു. നിലവിലെ സ്ഥിതി പൗരസ്ത്യ തിരുസംഘത്തെ അറിയിച്ചിട്ടുണ്ട്.
നിർദ്ദേശപ്രകാരം സർക്കുലർ ഇറക്കിയാൽ ഗുരുതര ആരാധനാ പ്രതിസന്ധി രൂപതയിൽ ഉണ്ടാകും എന്ന വിവരം പൗരസ്ത്യ സംഘത്തെ അറിയിച്ചതായി ബിഷപ്പ് പറയുന്നു. ഒൻപതു ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചതായും പിആർഓ ഫാദർ മാത്യു കിലിക്കൻ പറഞ്ഞു.
എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന തീരുമാനം ലംഘിക്കാൻ വ്യക്തികൾക്കോ രൂപതകൾക്കോ അധികാരമില്ലെന്നാണ് സിനഡ് വ്യക്തമാക്കിയിട്ടുള്ളത്. അനാവശ്യ നിർബന്ധ ബുദ്ധികൾ ഉപേക്ഷിച്ച് അനുരഞ്ജനത്തിന് തയ്യാറാകണം. സഭയിലെ മെത്രാൻമാർ എവിടെ കുർബാന അർപ്പിച്ചാലും അത് സിനഡ് നിർദ്ദേശപ്രകാരമുള്ളതാകണം. വ്യാജപ്രചാരണത്തിൽ വഴിതെറ്റി അഭിപ്രായ ഭിന്നതകൾ തെരുവ് കലാപമാക്കരുത്. സമുദായത്തിൻ്റെ അംഗസംഖ്യ ക്രമാതീതമായി കുറയുന്നത് ആശങ്കാജനകമാണെന്നും സിനഡ് വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.