തിരുവനന്തപുരം; സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനിയിലൂടെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഡോക്ടറെ കണ്ടു. കോവിഡ് പശ്ചാത്തലത്തിൽ ധാരാളം പേർ ഇ സഞ്ജീവനി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇ-സഞ്ജീവനിയുടെ പ്രവർത്തനം, ഡോക്ടർമാരുടെ കൺസൾട്ടേഷൻ, വെയിറ്റിംഗ് സമയം എന്നിവ മനസിലാക്കാനാണ് മന്ത്രി നേരിട്ട് ഇ സഞ്ജീവനി പ്ലാറ്റ്ഫോമിൽ പ്രവേശിച്ചത്.
പേര് രജിസ്റ്റർ ചെയ്ത് ടോക്കൺ നമ്പർ കിട്ടിയ ശേഷം ഒന്നര മിനിറ്റ് മാത്രമേ മന്ത്രിക്ക് ക്യൂവിൽ കാത്തിരിക്കേണ്ടി വന്നുള്ളൂ. വീഡിയോ കോൺഫറൻസിലൂടെ തൃശൂരിൽ നിന്നുള്ള ഡോക്ടർ അഭിന്യ ഓൺലൈനിൽ വന്നു. മന്ത്രിയാണ് അപ്പുറത്തെന്ന് മനസിലാക്കിയതോടെ ഡോക്ടർ അമ്പരന്നു. ഇ സഞ്ജീവനിയുടെ പ്രവർത്തനം നേരിട്ട് മനസിലാക്കാനാണ് എത്തിയതെന്ന് മന്ത്രി അറിയിച്ചു. രോഗികളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞു. ഇന്ന് 50 രോഗികൾക്ക് കൺസൾട്ടേഷൻ നൽകി. രാവിലെ എട്ട് മണി മുതൽ ഉച്ചവരെയാണ് ഡ്യൂട്ടി സമയം. 90 ശതമാനവും സത്യസന്ധമായ രോഗികളാണെന്നും ഡോക്ടർ പറഞ്ഞു.
ഇ-സഞ്ജീവനിയിൽ ഡോക്ടർമാരെ കാണുന്നതിനുള്ള കാത്തിരിപ്പ് സമയം പരമാവധി കുറയ്ക്കാൻ കൂടുതൽ ഡോക്ടർമാരെ നിയമിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ ഇ-സഞ്ജീവനി ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.