കൊച്ചി; നടിയെ അക്രമിച്ചക്കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതി അനുവദിച്ച സമയം ഇന്നവസാനിക്കും. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. അന്വേഷണം കഴിയും വരെ വിചാരണ നിര്‍ത്തിവയ്ക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും കോടതി ഇന്ന് തീരുമാനിക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേസിൽ അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നത്. പ്രോസിക്യൂഷന്റെ ആ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന്റെ കൈവശമുള്ള നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപും ഹർജി നല്‍കിയിട്ടുണ്ട്. ഇതും ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിന്റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയിൽ അന്വേഷണ സംഘം ഹര്‍ജി നല്‍കിയിട്ടുണ്ട്.
തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ വേണം എന്നാണ് സുനില്‍ കോടതിയോട് അഭ്യർഥിച്ചിട്ടുള്ളത്. രണ്ട് ഹര്‍ജികളും ഇന്ന് പരിഗണിക്കും. സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ രാജി നല്കിയതിനാല് അഭിഭാഷക ടീമിലുള്ള കെ ബി സുനില്‍ കുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുക. ഇതിനിടെ പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് ആലുവ കോടതിയിൽ രേഖപ്പെടുത്തിയേക്കും.