അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സര്‍ക്കാര്‍ വിതരണം ചെയ്തത് 15,122 കോവിഡ് ഡോസുകളാണ്.യുഎഇയിലെ ജനസംഖ്യയിലെ 91 ശതമാനത്തിലധികം പേരും വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.ആകെ 23,141,751 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം 2,902 പുതിയ കോവിഡ് കേസുകളാണ് ബുധനാഴ്ച്ച യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1,285 പേര് രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് രണ്ടു പേര്‍ക്കാണ് ബുധനാഴ്ച്ച യുഎഇയില്‍ ജീവന് നഷ്ടപ്പെട്ടത്.8,13,931 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,63,664 പേര് രോഗമുക്തി നേടി. 2,200 പേര് കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 48,067 പേര് ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്ന് 5,18,300 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട് .0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാള്‍ രണ്ട് ശതമാനം ഇത് കുറവാണ്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്.