പാള്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 31 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 297 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാനും വിരാട് കോലിയും ശാര്‍ദൂല്‍ ഠാക്കൂറും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഇന്ത്യയുടെ മധ്യനിര ബാറ്റര്‍മാരെല്ലാവരും പരാജയപ്പെട്ടു. വാലറ്റത്ത് ശാര്‍ദുല്‍ ഠാക്കൂറിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലെത്തി.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നാലുവിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. സെഞ്ചുറി നേടിയ റാസി വാന്‍ ഡ്യൂസന്റെയും നായകന് തെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.
ഡ്യൂസ്സന്‍ 129 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ബാവുമ 110 റണ്‍സെടുത്ത് പുറത്തായി.മൂന്ന് വിക്കറ്റിന് 68 എന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ ബാവുമയും ഡ്യൂസനും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റില്‍ 204 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ഇന്ത്യക്ക് വേണ്ടി ബുമ്ര 10 ഓവറില്‍ 48 റണ്‍സ് വഴങ്ങിയ രണ്ടുവിക്കറ്റെടുത്തു. അശ്വിന് ഒരു വിക്കറ്റ് സ്വന്തമാക്കി.