പാലക്കാട്: പാലക്കാട് ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസവും ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണ്.
ജില്ലയിലെ മത, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ പൊതുപരിപാടികള്‍ നിരോധിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഉത്സവങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയുള്‍പ്പെടെ നേരത്തേ അനുമതി നല്കിയ പൊതുപരിപാടികളും റദ്ദാക്കി. ഉത്സവങ്ങള്‍ പൊതുജന പങ്കാളിത്തം ഒഴിവാക്കി ചടങ്ങുമാത്രമായി പരിമിതപ്പെടുത്താം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 50 ആളുകളെയേ പങ്കെടുപ്പിക്കാവൂ. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കൊവിഡ് വാക്സിന് എടുത്തിരിക്കണം.
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ യോഗങ്ങളും മറ്റ് പരിപാടികളും ഓണ്‍ലൈന്‍ ആയി നടത്തണം. സര്‍ക്കാര്‍ ഓഫിസുകളിലെ ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താം. ഷോപ്പിങ് മോളുകളില്‍ 25 സ്ക്വയര്‍ ഫീറ്റില്‍ ഒരാള്‍ക്കേ പ്രവേശനമുണ്ടാകൂ.
തീയറ്ററുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍ എന്നിവയില്‍ ആകെ ശേഷിയുടെ പകുതി ആളുകളെയേ പ്രവേശിപ്പിക്കാവൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവില്‍ പറയുന്നു.
1920 പേര്‍ക്കാണ് പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1861 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 33 പേര്, ആരോഗ്യ പ്രവര്‍ത്തകരായ 24 പേര്, വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 2 പേര് എന്നിവരും ഉള്‍പ്പെടും.511 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.