കോവിഡ് മഹാമാരിയിൽ ഭയന്ന് വിറച്ചിരുന്ന നാം ഇന്ന് വളരെയധികം സാധാരണമായാണ് പെരുമാറികൊണ്ടിരിക്കുന്നത്. കാരണം കോവിഡ് മഹാമാരിയെ പേടിച്ച നാം കോവിഡ് വന്നാലും വാക്സിൻ എടുത്ത് ചികിത്സക്ക് വിദേയമാകാം എന്ന മട്ടിലാണ് നില്കുന്നത്. സത്യം പറഞ്ഞാൽ ലോകത്തിലങ്ങിങ്ങുമായി ഒരുപാട് പേരുടെ ജീവനെടുത്ത ഒരു ചെകുത്താൻ തന്നെയാണ് കോവിഡ്. എത്രയോ ലക്ഷകണക്കിന് ആളുകളാണ് കോവിഡ് കാരണം മരണമടഞ്ഞത്. പേടിയുടെ നൂൽ തുമ്പിൽ വിറച്ചു ജീവിച്ച ആളുകൾ ഇന്ന് അതൊന്നും കണക്കാക്കുന്നില്ല. എന്നാൽ കോവിഡ് കാരണം ഒന്നുമില്ലാതെയായി പോയ ചില മനുഷ്യജീവനുകൾ ഉണ്ട്. അതിൽ എടുത്ത് പറയേണ്ട വിഭാഗം കുട്ടികളെയാണ്.
കുട്ടികൾക്ക് രണ്ടിൽ ഒരു രക്ഷിതാവിനെ നഷ്ടമായവരുടെ എണ്ണം ഒന്നര ലക്ഷത്തോളം വരും എന്നാണ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അറിയാൻ സാധിക്കുന്നത്. കോവിഡ് മഹാമാരി പടർന്നു പിടിച്ച 2020 ഏപ്രിൽ മുതൽ 2022 ജനുവരി വരെ രാജ്യത്ത് മൊത്തത്തിൽ അനാഥരാക്കപ്പെട്ടത് ഒരു ലക്ഷത്തിൽ പരം വരുന്ന കുട്ടികൾ ആണെന്നാണ് കേന്ദ്ര ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയെ ബോധിപ്പിച്ചത് . 10,094 കുട്ടികൾക്കാണ് അച്ഛനെയും അമ്മയെയും നഷ്ടമായത്.
രണ്ടിൽ ഒരു രക്ഷിതാവിനെ നഷ്ടമായവരുടെ എണ്ണം 1,36,910 ആണ്. കോവിഡ് വ്യാപനത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടിട്ടുള്ളത് 488 കുഞ്ഞുങ്ങളാണ്. കൊവിഡ് കെടുതികൾക്കിടയിൽ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സുവോ മോട്ടോ ആയി കേസ് പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ദേശീയ ബാലാവകാശ കമ്മീഷനോട് ഇത് സംബന്ധിച്ച കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത്.
രാജ്യത്ത് മൂന്നാം കോവിഡ് തരംഗത്തിന്റെ സമയത്ത് കുട്ടികളെ കണക്കിലെടുത്തുകൊണ്ടുള്ള ഭാവി പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ വേണ്ടി സംസ്ഥാനത്തെ ബാലാവകാശ കമ്മീഷനുകൾ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ക്രമീകരിച്ചു വരികയാണ് എന്നും കേന്ദ്ര കമ്മീഷൻ പരമോന്നത നീതിപീഠത്തെ അറിയിച്ചു. അതാത് സംസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രികളിൽ നവജാത ശിശു പരിചരണം, പീഡിയാട്രിക് വാർഡുകൾ, അനാഥരായ കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള സംവിധാനങ്ങൾ, തെരുവിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളെക്കുറിച്ചും കോടതി ദേശീയ കമ്മീഷനെ ഓർമിപ്പിച്ചു.
കോവിഡ് മഹാമാരിക്ക് പുറമെ ഇപ്പോൾ ഇതാ രാജ്യത്ത് കോവിഡ് വകഭേദമായ ഓമിക്രോൺ കാരണവും ആളുകൾ കുടുങ്ങി നിൽക്കുകയാണ് . അനാഥരായ കുട്ടികൾ നമ്മുടെ മുമ്പിൽ നിൽക്കുമ്പോൾ തീർത്തും മനസിനെ വിഷമത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. അതിരു കടന്ന് നിൽക്കുന്ന ഈ കോവിഡ് – ഓമിക്രോൺ വ്യാപനം എങ്ങനെ തടയും എന്നതിനെ കുറിച് ഇനിയും ഒരുപാട് നാം ചിന്തിക്കേണ്ട കാര്യമാണ് . ആളുകൾ കാരണം പരക്കം ചെന്ന ഈ രോഗത്തിന്റെ അവസാനവും മനുഷ്യർ തന്നെ കാണണം .