പേയ്മെന്റ് സൊല്യൂന്സ് പ്രൊവൈഡര്‍മാരായ എജിഎസ് ട്രാന്‍സാക്റ്റ് ടെക്ക്നോളജീസ് പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) ഇന്ന് ആരംഭിക്കും.ജനുവരി 21 വരെയാണ് ഐപിഒ.നേരത്തെ നിശ്ചയിച്ചിരുന്ന 800 കോടിയില്‍ നിന്ന് ഐപിഒയിലൂടെ സഹരിക്കുന്ന തുക 680 കോടി രൂപയായി കമ്പനി പുതുക്കി നിശ്ചയിച്ചിരുന്നു. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെയുള്ള ഓഹരികളാണ് വില്‍ക്കുന്നത്. എജിഎസ് ട്രാന്‍സാക്റ്റ് സ്ഥാപകനും ചെയര്‍മാനുമായ രവി ബി ഗോയല്‍ 677.58 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 85 ഓഹരികളോ അതിന്റെ ഗുണിതങ്ങളായോ നിക്ഷേപം നടത്താം
ഓഹരി ഒന്നിന് 166-175 രൂപയാണ് പ്രൈസ് ബാന്‍ഡ്. ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള ബിഡിങ് ഇന്നലെ ആരംഭിച്ചിരുന്നു. ഇഷ്യൂവിന് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 204 കോടി രൂപയാണ് സമാഹരിച്ചത്.2021 ഒക്ടോബറില്‍ അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റില്‍ 550 രൂപയില്‍ നിന്ന് എജിഎസിന്റെ ഓഹരി വില 68% ഇടിഞ്ഞതായി മണികണ്ട്രോള് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഓഹരി ഒന്നിന് 185-195 രൂപ നിരക്കിലാണ് വില്‍പ്പന. ഫെബ്രുവരി ഒന്നിന് ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യാനാണ് പദ്ധതി.
2021 ആഗസ്ത് വരെ 18.11 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വരുമാനം 753.4 കോടി രൂപയാണ്. ഓഗസ്റ്റ് 2021 വരെയുള്ള കണക്കുകള്‍ പ്രകാരം 880.97 കോടി രൂപയാണ് അറ്റകടം. കമ്ബനിയുടെ ആകെ വരുമാനത്തിന്റെ 46 ശതമാനവും എടിഎം സേവനങ്ങളില്‍ നിന്നാണ്. എന്നാല്‍ ഈ മേഖലയിലെ കമ്പനിയുടെ വളര്‍ച്ച 2020-21ല്‍ -4.0 ശതമാനം ആണ്.
ബാങ്കുകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും എടിഎം, ക്യാഷ് റീസൈക്ലര്‍ മെഷീന് (സിആര്‍എം) ഔട്ട്സോഴ്സിംഗ്, ക്യാഷ് മാനേജ്മെന്റ്, മര്‍ച്ചന്റ് സൊല്യൂഷനുകള്‍, ട്രാന്സാക്ഷന് പ്രോസസ്സിംഗ്, മൊബൈല്‍ വാലറ്റ് തുടങ്ങിയ സേവനങ്ങളാണ് എജിഎസ് ട്രാന്‍സാക്റ്റ് നല്‍കുന്നത്. നേരത്തെ 2015ല്‍ 1,350 കോടിയുടെയും 2018ല്‍ 1000 കോടിയുടെയും ഐപിഒ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം എജിഎസ് ട്രാന്‍സാക്റ്റ് പിന്മാറിയിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി എജിഎസിന്റെ വരുമാനത്തില്‍ കാര്യമായ പുരോഗതി ഇല്ല. 2019-20 സാമ്പത്തിക വര്‍ഷത്തിലെ 1833 കോടി രൂപയില്‍ നിന്ന് 2021ല്‍ വരുമാനം 1797 കോടി രൂപയായി കുറഞ്ഞിരുന്നു. 83 കോടിയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം, ലാഭം 54.70 കോടി രൂപയായി ഇടിഞ്ഞു.
ഐസിഐസിഐ സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഐപിഒയുടെലീഡ് മാനേജര്‍മാര്‍.