കോട്ടയം : ഷാൻ കൊലപാതക കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല എന്ന് ആവർത്തിക്കുമ്പോഴും കൊടുക്രിമിനൽ ക്രൂരകൃത്യം നിർവഹിച്ചത് പൊലീസിന്റെ നിരീക്ഷണത്തിൽ ആയിരിക്കുകയാണെന്ന് സമ്മതിച്ച് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ. തന്ത്രപ്രധാനമായ മേഖലയിൽ ഉണ്ടായ സംഭവത്തിൽ പൊലീസിന്റെ വീഴ്ച മറയ്ക്കാൻ എസ്.പി ആവർത്തിച്ച് ശ്രമിച്ചെങ്കിലും പല ചോദ്യങ്ങൾക്കും മറുപടി ഇല്ലായിരുന്നു. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ജോമോൻ ഡിസംബർ 31 ന് കാപ്പ അഡ്വൈസറി ബോർഡിന്റെ ഉത്തരവ് വാങ്ങിയാണ് നഗരത്തിൽ തിരിച്ചെത്തിയതെന്നും അന്ന് മുതൽ ജോമോൻ നിരീക്ഷണത്തിലായിരുന്നെന്നും എസ്.പി വ്യക്തമാക്കി.
പക്ഷെ ഇങ്ങനെ നിരീക്ഷണത്തിലുള്ള ജോമോൻ എങ്ങനെ കഞ്ചാവ് അടക്കമുള്ള മാരക ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച ക്രൂരകൃത്യം നടത്താനായെന്ന ചോദ്യത്തിന് ഉത്തരത്തിനും മറുപടി ഇല്ലായിരുന്നു. ജോമോൻ ടി.ബി റോഡിൽ നടത്തുന്ന കടയുടെ മറവിലുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും പൊലീസ് പരിശോധിച്ചില്ല. ഷാനിനെ തട്ടിക്കൊണ്ടു പോയതിന് ശേഷം പുലർച്ചെ മാതാവും സഹോദരിയും നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിലും ജോമോനായി തിരച്ചിൽ നടത്തി എന്നാണ് പോലീസ് ഉയർത്തുന്ന വാദം.