കരുനാഗപ്പള്ളി: ജലരാജൻ, ജലറാണി, ജലമങ്ക, ജലസദസ്…ഡി.ടി.പി.സിയുടെ (ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ) ഹൗസ് ബോട്ടുകളാണിത്. കായലിന്റെ കുളിരുകോരിയെത്തുന്ന ഈ ജലയാനങ്ങളുടെ പേരുകേൾക്കാൻ തന്നെ എന്താ രസം! എന്നാൽ, ഇതൊക്കെ കേൾക്കാനേ കഴിയൂ, കാണാൻ കിട്ടില്ല. കാരണം ഈ നാലു ബോട്ടുകളും അറ്റകുറ്റപ്പണിയുടെ പേരിൽ വിശ്രമ ജീവിതം ആരംഭിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞു.എല്ലാ വർഷവും നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിനോദസഞ്ചാരികൾ കൂടുതലായി കേരളത്തിൽ എത്തുന്നത് . അവരിൽ അധികം പേർക്കും പ്രിയം കായൽ യാത്രതന്നെ.
ഡി.ടി.പി.സിക്ക് കൊല്ലത്തും കരുനാഗപ്പള്ളിയിലും മാത്രമാണ് ഹൗസ് ബോട്ട് സർവീസുള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഡി.ടി.പി.സിയുടെ നാലു ബോട്ടും വിശ്രമത്തിലാണ്. ബോട്ടുകളെല്ലാം അറ്റകുറ്രപ്പണിക്കായി റിപ്പയറിംഗ് യാർഡിൽ കയറ്റിയതോടെ തക്കം പാർത്തിരുന്ന സ്വകാര്യ കമ്പനികൾ മേഖലയെ കൈപ്പിടിയിലാക്കുകയും ചെയ്തു.കന്നേറ്റി ശ്രീനാരായണ ഗുരുപവലിയനിൽ പ്രവർത്തിക്കുന്ന ഡി.ടി.പി.സി യുടെ ഹൗസ് ബോട്ട് ടെർമലിൽ നിന്ന് രണ്ട് വർഷം മുമ്പ് വരെ ജലസദസ് സർവ്വീസ് നടത്തിയിരുന്നത്.