‘സൂരറൈ പൊട്രി’ന് ശേഷം സൂര്യയുടേതായി ആമസോൺ പ്രൈമിലൂടെ പുറത്തുവന്ന ചിത്രമായിരുന്നു ‘ജയ് ഭീം’. മികച്ച ചിത്രമെന്ന നിലയിൽ രാജ്യമെമ്പാടും ചർച്ചയായി മാറിയ ‘ജയ് ഭീമി’നെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായും നിരൂപകർ തെരഞ്ഞെടുത്തിരുന്നു. ഇപ്പോഴിതാ ‘ജയ് ഭീം’ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്.
ഓസ്കാറിൻ്റെ ഔദ്യോഗിക യൂ ട്യൂബ് ചാനൽ ചിത്രത്തേക്കുറിച്ചുള്ള പ്രത്യേക വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങളും സിനിമയുടെ പ്രമേയത്തേക്കുറിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ജ്ഞാനവേൽ സംസാരിക്കുന്നതും ചേർത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഡോക്യുമെന്ററി സ്വഭാവത്തിലുള്ള വീഡിയോക്ക് 12 മിനിറ്റാണ് ദൈർഘ്യം.
കഴിഞ്ഞവർഷം നവംബര്‍ 2ന് ആമസോണിൽ പ്രൈമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. 1993-95 കാലഘട്ടത്തിൽ തമിഴ്നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം നിർമിച്ചത്. സൂര്യ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിൻ്റെ പ്രമേയം തമിഴ്നാട്ടിലെ ജാതിവിവേചനമായിരുന്നു.
ഇരുളവിഭാഗക്കാര്‍ നേരിട്ട പോലീസ് ക്രൂരതയ്ക്കെതിരേ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് ചന്ദ്രുവിൻ്റെ ജീവിതകഥ കൂടിയായിരുന്നു ചിത്രം പറഞ്ഞത്. ചന്ദ്രുവായി സൂര്യ എത്തിയ ചിത്രത്തിൽ മണികണ്ഠൻ, ലിജോ മോൾ എന്നിവരും മികച്ച പ്രകടനംകൊണ്ട് കയ്യടി നേടി. കഴിഞ്ഞ നവംബറില്‍ 2022 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിലെ ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലേക്കും ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.