ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാർട്ടിക്ക് തിരിച്ചടി. മുലായംസിങ്ങിൻ്റെ ഇളയമകൻ്റെ ഭാര്യ അപര്‍ണ യാദവ് ഇന്ന് ബിജപിയില്‍ ചേരും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു. എന്നാല്‍ റീത്താ ബഹുഗുണാ ജോഷിയോട് പരാജയപ്പെടുകയായിരുന്നു.
ബിജെപിയില്‍ നിന്ന് മന്ത്രിയും എംഎല്‍എമാരും എസ് പിയില്‍ ചേര്‍ന്നിരുന്നു. ബിജെപിയിൽ ചേർന്നാൽ അപർണ കഴിഞ്ഞ തവണത്തെ പോലെ ലക്നൗ കന്റോൺമെന്റിൽ നിന്ന് തന്നെ മത്സരിച്ചേക്കും. മുലായത്തിൻ്റെ ഇളയമകന് പ്രതീകിൻ്റെ ഭാര്യയാണ് അപര്‍ണ. മുന്‍ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ കമ്മീഷണറുമായിരുന്ന അരവിന്ദ് സിങ് ബിഷ്ടിൻ്റെ മകളാണ് അപര്‍ണ. ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്സിലും ഇന്റര്‍നാഷണല്‍ റിലേന്‍സിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
അതേസമയം തിരഞ്ഞെടുപ്പിൽ എസ് പി നേതാവ് അഖിലേഷ് യാദവ് അസംഗഡില്‍ നിന്ന് മല്‍സരിച്ചേക്കും. അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് അഖിലേഷ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്‍പ് മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വത്തിലൂടെയാണ് അദ്ദേഹം അന്ന് നിയമസഭയിലെത്തിയത്.