കോഴിക്കോട്: അപകടത്തിന്റെ പശ്ചാത്തലത്തില്‍ മർകസ് നോളജ് സിറ്റിയിലെ മറ്റ് കെട്ടിടങ്ങളിലും പരിശോധന നടത്താന്‍ കോടഞ്ചേരി പഞ്ചായത്ത് നടപടി തുടങ്ങി. പ്രദേശത്തെ നിർമ്മാണങ്ങൾ നിയമാനുസൃതമാണോയെന്ന് പരിശോധിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. അതേസമയം പരിക്കേറ്റ് ചികിത്സയിലുള്ള 23 പേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രാഥമിക അനുമതി പോലും നേടാതെ കുന്നിടിച്ചു നിർമ്മിച്ച ബഹുനില കെട്ടിടം കൂടാതെ സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും ഇനി വിശദമായ പരിശോധന നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം. സുരക്ഷാ മുന്‍കരുതലുകൾ സജ്ജീകരിച്ചിട്ടുണ്ടോയെന്നും ഉറപ്പുവരുത്തും. കെട്ടിടത്തിന്റെ നിര്‍മാണത്തിന് അനുമതി നിഷേധിച്ചത് ചട്ടലംഘനം മൂലമെന്ന് കോടഞ്ചേരി പഞ്ചായത്ത് അറിയിച്ചു.
രണ്ട് തവണ തള്ളിയ അപേക്ഷ മൂന്നാം തവണ പഞ്ചായത്തിന്റെ പരിഗണനയിലിരിക്കെ ആണ് അനുമതിയില്ലാതെ കെട്ടിട നിര്‍മാണം തുടങ്ങിയത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കി. അനുമതി ഇല്ലെന്ന് മാത്രമല്ല, ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടത്തിയാണ് കെട്ടിട നിര്‍മാണം നടത്തിയത് എന്നാണ് കോടഞ്ചേരി പഞ്ചായത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്.
ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ട് തവണ അപേക്ഷ നിരസിച്ചു. നോളജ് സിറ്റി അധികൃതര്‍ക്ക് തിരുത്തണമെന്നാവശ്യപ്പെട്ട് നോട്ടീസും നല്കി. എന്നാല്‍ കാര്യമായ തിരുത്തലുകള്‍ ഇല്ലാതെ മൂന്നാമതും അപേക്ഷ നല്കി. അതിനാല്‍ ഈ അപേക്ഷയിന്മേല് തീരുമാനമെടുക്കുന്നത് വൈകി.
എന്നാല്‍ അനുമതിക്കൊന്നും കാത്തുനില്‍ക്കാതെ നിര്‍മാണം തുടങ്ങുകയായിരുന്നു. എന്നാല്‍ അനുമതിയുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് അധികൃതര്‍. ഈ വാദം കോടഞ്ചേരി പഞ്ചായത്ത് പൂര്‍ണമായി തള്ളുന്നു. മറ്റു കെട്ടിടങ്ങള്‍ക്ക് വാങ്ങിയ അനുമതിയുടെ മറവില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തി കബളിപ്പിച്ചതിന് നടപടിയെടുക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്.