മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുഴുവൻ യോഗങ്ങളും മറ്റ് പരിപാടികളും ചടങ്ങുകളും ഓൺലൈനിൽ മാത്രമേ നടത്താവൂ. പൊതുപരിപാടികൾക്ക് പങ്കാളിത്തം 50 പേരായി പരിമിതപ്പെടുത്തണം.ഈ നിയന്ത്രണം മതപരമായ ചടങ്ങുകൾക്കും ബാധകമാണ്.
ജില്ലയില്‍ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുതലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതലാകുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ഉടൻ തന്നെ അവിടം 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽമാർ, പ്രധാനധ്യാപകർ എന്നിവർക്ക് അധികാരം നൽകി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 28,481 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂർ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂർ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസർഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.