“എവിഡൻസ്” കതിർ എന്നറിയപ്പെടുന്ന ആരോഗ്യസാമി വിൻസെന്റ് രാജിന് യൂറോപ്പിലെ പ്രശസ്തമായ റൗൾ വാലൻബെർഗ് പ്രൈസ് അവാർഡ്. അദ്ദേഹം സ്ഥാപിച്ച എവിഡൻസ് എന്ന സംഘടനയുടെ പ്രവർത്തനത്തിനാണ് അവാർഡ് ലഭിച്ചത്. മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനായാണ് എവിഡൻസ്.
തമിഴ്നാട്ടിലെ ദലിത്, ഗോത്രവർഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എവിഡൻസ് പ്രവർത്തിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ജാതി അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനത്താണ് സംഘടന നിർണായക പ്രവർത്തനം നടത്തുന്നത്. അവരുടെ പ്രവർത്തനങ്ങളെ മാനിച്ച് യൂറോപ്യൻ കൗൺസിൽ 2012-ൽ സ്ഥാപിതമായ ഈ അഭിമാനകരമായ അവാർഡ് കതിരിന് നൽകി ആദരിച്ചു.
സ്വീഡിഷ് സർക്കാരിന്റെയും ഹംഗേറിയൻ പാർലമെന്റിന്റെയും സംയുക്ത പരിശ്രമത്തിലൂടെയാണ് റൗൾ വാലൻബെർഗിന്റെ സ്മരണയ്ക്കായി റൗൾ വാലൻബെർഗ് പുരസ്കാരം സ്ഥാപിച്ചത്. ഹോളോകോസ്റ്റിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും കാലത്ത് ജൂതന്മാരുടെ ജീവിതം സംരക്ഷിച്ച് പിടിച്ച വ്യക്തിയാണ് റൗൾ വാലൻബെർഗ്.
തമിഴ്നാട്ടിലെ ജാതി കുറ്റകൃത്യങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളുടെ രേഖകൾ വളരെ വിശദമായി എവിഡൻസ് ശേഖരിക്കുന്നു. നീണ്ട ജുഡീഷ്യൽ നടപടിക്രമങ്ങളിലൂടെ കടന്നുപോകുമ്പോൾ ജാതി അതിക്രമം ബാധിച്ച കുടുംബങ്ങൾക്ക് നിയമസഹായം നൽകുന്നു. കൂടാതെ അക്രമങ്ങൾ പലപ്പോഴും സംഭവിക്കുമ്പോൾ അതിനെ വെല്ലുവിളിക്കാനും സംഘടന തയ്യാറാകുന്നു.
2021-ൽ എവിഡൻസ് തമിഴ്നാട്ടിലെ ജാതി കൊലപാതകങ്ങളെക്കുറിച്ചുള്ള അഞ്ച് വർഷത്തെ റിപ്പോർട്ട് പുറത്തുകൊണ്ടുവന്നു. സംസ്ഥാനത്തെ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് റിപ്പോർട്ട് വെളിപ്പെടുത്തിയത്. 2016 ജനുവരി മുതൽ 2020 ഡിസംബർ വരെ പട്ടികജാതി/പട്ടികവർഗക്കാരുടെ 300 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ 13 പ്രതികൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 229 പേർ കോടതികളിൽ തുടരുന്നതോ ഇനിയും പട്ടികപ്പെടുത്താത്തതോ ആയ നടപടികളുമായി തുടർന്നു. ബാക്കിയുള്ള 28 പേർ പോലീസ് അന്വേഷണത്തിലാണ്. കതിരിന്റെ നേതൃത്വത്തിൽ കണ്ടെത്തിയ തെളിവുകൾ പിന്നീട് ഈ കേസുകളിൽ പലതിലും നിർണായകമായി. ഇത് ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കാൻ സഹകായകരമായി.
“ഇതാദ്യമായാണ് ദക്ഷിണേഷ്യയിൽ നിന്നുള്ള ഒരാൾക്ക് ഈ അവാർഡ് ലഭിക്കുന്നത്. 25 വർഷമായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനത്തിനുള്ള അംഗീകാരമാണിത്. എനിക്ക് നേരെ ഒന്നിലധികം വധ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്, ഞാൻ പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്റെ ദലിത് ജനതയ്ക്കും പാവപ്പെട്ടവർക്കും ലോകമെമ്പാടുമുള്ള എല്ലാ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിനും ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നു – അവാർഡ് ഏറ്റുവാങ്ങിയ കതിർ പറഞ്ഞു,
“എന്നെ സംബന്ധിച്ചിടത്തോളം യൂറോപ്പിലെ 27 രാജ്യങ്ങളുടെ ഐക്യദാർഢ്യം ഞങ്ങൾക്കുണ്ട് എന്നാണ് കരുതുന്നത്. അവാർഡിനായി പരിഗണനയിൽ ഒരുപാട് രാജ്യങ്ങൾ ഉണ്ടാകുമായിരുന്നു. പക്ഷേ ഇന്ത്യയിൽ നിന്നുള്ള, തമിഴ്നാട്ടിൽ നിന്നുള്ള അതും മധുരയിൽ നിന്നുള്ള ഒരു ദളിത് സംഘടനയിൽ പെട്ട ഒരു പ്രവർത്തകനെ നിങ്ങൾ തിരിച്ചറിഞ്ഞു എന്നത് അഭിമാനകരമാണ്. ഈ പുരസ്കാരം ദളിത് ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അന്താരാഷ്ട്ര തലത്തിൽ ആശങ്കപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ നോക്കുമ്പോൾ, ഈ അവാർഡ് ഞഞങ്ങൾക്ക് ഒരു വലിയ ഉപകരണമാണ്” – യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടുന്ന 27 അംഗരാജ്യങ്ങളുടെ തലവന്മാരാണ് യൂറോപ്യൻ കൗൺസിൽ ഉൾപ്പെടുന്നതെന്ന് ഓർമിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
ജനുവരി 19 ന് ഒരു ഓൺലൈൻ അവാർഡ് ദാന ചടങ്ങ് നടക്കും, അവാർഡും 10,000 യൂറോയുടെ ഓണറേറിയവും സ്വീകരിക്കാൻ കതിർ പിന്നീട് ഫ്രാൻസിലേക്ക് പോകും.
ഹോളോകോസ്റ്റ് സമയത്ത് പതിനായിരക്കണക്കിന് ജൂതരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഒരു സ്വീഡിഷ് നയതന്ത്രജ്ഞനായിരുന്നു റൗൾ വാലൻബെർഗ്. 1945 ജനുവരി 17 ന് സോവിയറ്റ് ഏജന്റുമാർ അദ്ദേഹത്തെ ബുഡാപെസ്റ്റിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് കാണാതാവുകയും ചെയ്തു. 2000-ൽ റഷ്യൻ പ്രോസിക്യൂട്ടറുടെ ഓഫീസ് 1947-ൽ വധിക്കപ്പെടുന്നതുവരെ വാലൻബെർഗിനെ സോവിയറ്റ് ജയിലിൽ പാർപ്പിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.