കോട്ടയം: ഷാന്‍ ബാബു കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ. പരാതി ലഭിച്ചിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന ആരോപണം തെറ്റാണ്. പരാതി ലഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ പോലീസ് ചെയ്തിട്ടുണ്ട്. പെട്ടെന്ന് തന്നെ എല്ലാ നടപടികളും സ്വീകരിച്ചു. അതിനാല്‍ പോലീസിനെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഷാന്‍ ബാബു വധക്കേസില്‍ പ്രതികളായ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തതായും എസ്.പി. കൂട്ടിച്ചേര്‍ത്തു.
ഷാൻ ബാബുവിനെ തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ജോമോന്റെ കൂട്ടാളിയായ ഷാനിന്റെ സുഹൃത്ത് മർദിച്ചതാണ് വൈരാഗ്യത്തിന് പിന്നിലെ കാരണം. കൊല്ലപ്പെട്ട ഷാൻ ബാബു കഞ്ചാവ് കേസിലെ പ്രതിയാണെന്നും എസ് പി ഡി ശിൽപ വിശദീകരിച്ചു. ജോമോന്റെ കൂട്ടാളി പുൽച്ചാടി ലുധീഷിനെ എതിര് സംഘം മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാൻ ബാബു ലൈക്കും കമന്റും ഇട്ടതാണ് കൊല്ലാൻ പ്രകോപനമായതെന്നാണ് പൊലീസ് പറയുന്നത്.
കൊല്ലാൻ വേണ്ടി തന്നെയാണ് തട്ടിക്കൊണ്ട് പോയത്. കൊലപാതക സംഘത്തിലെ നാല് പേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
ഒക്ടോബറിൽ ജോമോന്റെ കൂട്ടാളിയായ പുൽച്ചാടി ലുധീഷിനെ തൃശ്ശൂരിൽ വിളിച്ചുവരുത്തി മറ്റൊരു ഗുണ്ടയായ സൂര്യന്റെ സംഘം മർദ്ദിച്ചിരുന്നു. മർദ്ദനം ചിത്രീകരിച്ച് സമൂഹ്യമാധ്യത്തിൽ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റിൽ ഷാൻ ബാബു ലൈക്കും കമന്റും നൽകിയതാണ് ജോമോന്റെ പകയ്ക്ക് കാരണമെന്നാണ് എസ്പി പറയുന്നത്. ലുധീഷിനെ എതിരാളികള്‍ മര്‍ദ്ദിച്ചതു പോലെ ഷാൻ ബാബുവിനെ അഞ്ചംഗ കൊലയാളി സംഘം മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ഷാന്റെ ദേഹത്ത് മർദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ പറയുന്നത്. കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചുവെന്നാണ് പ്രതി ജോമോൻ്റെ മൊഴി. ഷാനെ വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മർദ്ദനം നടന്നു. കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തി. ഓട്ടോയിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ വെച്ചും മർദിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ജോമോനെ കൂടാതെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പുൽച്ചാടി ലുധീഷ്, സുധീഷ്, കിരൺ, ഓട്ടോ ഡ്രൈവർ ബിനു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇതിൽ ഓട്ടോ ഡ്രൈവർ ഒഴിച്ച് ബാക്കിയെല്ലാവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഷാന്റെ അമ്മയുടെ പരാതിയിൽ എല്ലാ നടപടികളും എടുത്തു. ജോമോനെ നിരീക്ഷിക്കുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും എസ്പി പറഞ്ഞു.
കഴിഞ്ഞദിവസമാണ് കൊല്ലപ്പെട്ട ഷാനിന്റെ അമ്മ പോലീസിനെതിരേ രംഗത്തെത്തിയത്. മകനെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പോലീസ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നായിരുന്നു അവരുടെ ആരോപണം. ജോമോനാണ് മകനെ കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസിനെ അറിയിച്ചിരുന്നതായും എന്നാല്‍ മകന്റെ മൃതദേഹമാണ് പോലീസ് സ്റ്റേഷനില്‍ കൊണ്ടിട്ടതെന്നും അമ്മ പറഞ്ഞിരുന്നു.