പട്ടാമ്പി: പാലക്കാട് പട്ടാമ്പി സംസ്കൃത കോളജിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
അവസാന വർഷ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഡിജെ പാർട്ടി നടന്നത്. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 500 ലേറെ വിദ്യാർഥികളാണ് പങ്കെടുത്തത്. യാതൊരു സുരക്ഷ മുൻകരുതലോ കൊവിഡ് മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഡി ജെ പാർട്ടി നടന്നത്.
അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ലെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞു. പരിപാടിയിൽ നൂറ് പേർക്ക് മാത്രമെ അനുമതി നൽകിയിട്ടുള്ളുവെന്നും അധ്യാപകർ ഇടപെട്ട് പരിപാടി നിർത്തിവെപ്പിച്ചുവെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി. മ്യൂസിക്കൽ പരിപാടിക്കാണ് അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയിലെ മാത്രം കൊവിഡ് ടി പി ആർ 33.8% ആണ് ഇന്നലത്തെ കണക്കുകൾ.