കോഴിക്കോടിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സരോവരം ബയോ പാർക്ക് ഇന്ന് കമിതാക്കളുടെ കൈകളിൽ ഭദ്രമാണ്. ” സരോവരവും കമിതാക്കളും പിന്നെ ടിക്കറ്റ് വച്ച് അനാശാസ്യവും ” ഇതാണ് നമ്മൾ കണ്ടും കേട്ടും വരുന്ന സരോവരം ബയോ പാർക്കിന്റെ അവസ്ഥ.
നഗരത്തിന്റെ പ്രകൃതി ഭംഗിയാണ് സരോവരം ബയോ പാർക്ക് കോഴിക്കോട്ട്കാരിലേക്ക് എത്തിച്ചിരിക്കുന്നത്. കനോലി കനാലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ജൈവ ഉദ്യാനം കോഴിക്കോട്ടെ ഒരു പ്രധാന ആകർഷണമാണ്. 2008-ലാണ് സരോവരം ബയോ പാർക്ക് പ്രവർത്തനമാരംഭിച്ചത്. ഈ പ്രദേശത്തെ കണ്ടൽ കാടുകൾ സംരക്ഷിക്കാനും നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഒരൽപം വിശ്രമത്തിനായും പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും വേണ്ടിയുള്ള ഒരു അവസരമാണ് സരോവരം കോഴിക്കോട്ടുകാരുടെ മുന്നിലേക്ക് വച്ചു നീട്ടിയത്.
എന്നാൽ ഇന്ന് സരോവരം എന്ന് കേൾക്കുമ്പോൾ തന്നെ പണ്ട് തലയിൽ മുണ്ടിട്ട് എ പടം കാണാൻ പോകുന്ന അവസ്ഥയാണ്. കുടുംബത്തിനും കുട്ടികൾക്കും ഇന്ന് സരോവരത്തിലേക്ക് നോ എൻട്രി ബോർഡാണ് ആളുകൾ തന്നെ പരസ്പരം പറഞ്ഞ് പറഞ്ഞ് വച്ചിരിക്കുന്നത്. അതിന്റെ കാരണം കമിതാക്കൾ മാത്രം.ഒരാണും പെണ്ണും സംസാരിക്കുന്നതിൽ തെറ്റില്ല, അടുത്തിരിക്കുന്നതിൽ തെറ്റില്ല. പക്ഷെ ഈ കാഴ്ച്ചയല്ല നമുക്ക് കാണാൻ സാധിക്കുന്നത്. സൂക്ഷമായി നിരീക്ഷിച്ചാൽ അവർ തമ്മിലുള്ള പല ‘കളികളും’ നമുക്ക് കാണാൻ സാധിക്കും. കളികൾക്ക് പല തരത്തിലുള്ള അർഥമുണ്ടെങ്കിലും ഇന്ന് ഈ ബയോ പാർക്കിന്റെ അവസ്ഥയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരേ ഒരു അർഥം അനാശാസ്യമാണ്.
ഇരുപത് രൂപയുടെ എൻട്രി പാസ് എടുത്താലാണ് പാർക്കിലേക്കുള്ള പ്രവേശനം. പിന്നീട് അവിടം ഇന്ദ്ര സദ്ദസ്സിലെ ദേവലോകമാണ് കമിതാക്കൾക്ക്. കണ്ടൽ കാടിന്റെ മറവിൽ തീർത്തും വൻ കളികളാണ് നടക്കുന്നത്. തലയ്ക്കു മീതെ ക്യാമറ ഉണ്ടെന്നും പൊതുവഴിയിലൂടെ ആളുകൾ നടക്കുന്നുണ്ടെന്നുമുള്ള സാമാന്യ ബോധം നമ്മുടെ കമിതാക്കൾക്കില്ല. പാർക്കിന്റെ ഉള്ളിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പുറത്തുനിന്നും നോക്കി കാണുന്നവരുടെ അഭിപ്രായങ്ങൾ വ്യത്യസ്തമാണ്.പുറമെ എന്ത് സംഭവിച്ചാലും അതൊന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന മട്ടാണ് പാർക്കിനുള്ളിൽ പ്രവേശിച്ചാൽ കമിതാക്കൾക്ക്.
ലൈഗംഗിക വിദ്യാഭ്യാസവും അതിന്റെ പ്രാധാന്യവും അറിഞ്ഞിരിക്കേണ്ട ഇന്നത്തെ കാലത്ത് അതിനായി ഒരു പ്രാക്ടിൽ സെക്ഷനും പരീക്ഷയും നടത്തണം എന്ന് മുറവിളി കൂട്ടുന്ന ഒരുപക്ഷം ആളുകളും നമുക്കിടയിലുണ്ട്. ഇതു തന്നെയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നതും. എന്നാൽ ഈ പക്ഷം പറയുന്നവർക്കിടയിലും അല്പം ധൈര്യക്കുറവ് ഇല്ലേ എന്ന ഒരു സംശയം ഇനിയും ബാക്കി.
കാരണം, പാർക്കിലിരുന്ന് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ പിന്നെ എന്തിന് നാട്ടുകാരുടെ കൈയിലെ ഫോൺ ക്യാമറ കണ്ടാൽ ഭയപ്പെടണം…..? മുഖം മറിക്കണം…..? തിരിഞ്ഞോടണം! എവിടെ പോയി ഇവർ വെളിച്ചത്തിൽ കാട്ടുന്ന ധൈര്യം? ഒരു കാര്യം പറയാതെ വയ്യ. മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടാലും അത് കാര്യമാക്കാത്തവരും എന്നാൽ അവർ കാണുമ്പോൾ അതിൽ നിന്ന് രക്ഷപെടാൻ കാട്ടിക്കൂട്ടുന്ന തത്രപ്പാടുകൾക്കും പ്രത്യേകം കയ്യടി ഇവർ അർഹിക്കുന്നു.
ഒരു വ്യക്തി എന്ത് ചെയ്യണമെന്നും എങ്ങനെ നടക്കണമെന്നും തീരുമാനിക്കേണ്ടത് അവനവന്റെ താല്പര്യമാണ്. വ്യക്തി സ്വാതന്ത്ര്യം ഇവിടെ ആരും ഹനിക്കുന്നില്ല.പക്ഷെ ഓരോ നാടിനും അതിന്റേതായ സംസ്കാരമുണ്ട്. അത് പാലിക്കാനും സംസ്കാരത്തിനനുസരിച്ച് പെരുമാറാനും മനുഷ്യൻ ഇനിയെങ്കിലും പഠിച്ചാൽ മതി. കമിതാക്കൾ മാത്രമല്ല ഇന്ന് സ്കൂൾ വിദ്യാർത്ഥികൾ കൗമാരക്കാർ തുടങ്ങിയ പലരും വന്നു പോകുന്ന സ്ഥലമാണ് സരോവരം പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരുപോലെ ചൂഷണം ചെയുന്ന പലതരം മാഫിയകളും അവിടെയുണ്ട് . കള്ളും കഞ്ചാവും ഉപയോഗിച്ചു അബോധാവസ്ഥയിലായി നിൽക്കുന്ന ചെറുപ്പക്കാരും പ്രായം ചെന്നവരും അവസാനം ലൈംഗികമായി ചൂഷണം ചെയ്യപെടുന്നു എന്നതാണ് സത്യം .