പുത്തൻ സി-ക്ലാസ് സെഡാൻ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെൻസ് വ്യക്തമാക്കി. 2021-ന്റെ മധ്യത്തിൽ അന്താരാഷ്ട്രതലത്തിൽ ലോഞ്ച് ചെയ്ത മോഡലാണ് ഇത്. ഈ മോഡല്‍ 2022 മെയ് മാസത്തിൽ തന്നെ ഇന്ത്യന്‍ ഷോറൂമുകളിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.
2022 ൽ കമ്പനി അഞ്ചാം തലമുറ സെഡാൻ ഇന്ത്യയില്‍ കൊണ്ടുവരുമെന്നും സി-ക്ലാസ് ഒരു വോളിയം മോഡലായിരിക്കുമെന്നും ഈ വർഷം പ്രതീക്ഷിക്കുന്ന കമ്പനിയുടെ മൊത്തത്തിലുള്ള വിൽപ്പന എണ്ണത്തിൽ ഇരട്ട അക്ക വളർച്ച കൈവരിക്കുമെന്നും മെഴ്സിഡസ്-ബെൻസ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ആഡംബര കാർ വിപണിയിൽ 11,242 കാറുകളുടെ വിൽപ്പനയുമായി മെഴ്സിഡസ് ബെൻസ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. നിലവിലെ സി-ക്ലാസ് 2021-ൽ ഗണ്യമായ അളവ് വില്‍പ്പന നേടിയതായി ഷ്വെങ്ക് പറഞ്ഞു. “പുതിയ സി-ക്ലാസ് ഒരു മികച്ച കാറാണ്, അത് അതിന്റെ ഉദ്ദേശ്യം നിറവേറ്റുകയും വോളിയം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്..” അദ്ദേഹം വ്യക്തമാക്കി.