വ്യത്യസ്ത ഇടങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുത്തുവാനാണ് സഞ്ചാരികള്‍ക്ക് താല്പര്യവും.അങ്ങനെയാണെങ്കില്‍ യാത്രാ പട്ടികയിലേക്ക് കുറച്ചു ദ്വീപുകളെ കൂടി ചേര്‍ക്കാം. ലോകത്തിന്റെ മുഴുവന്‍ തിരക്കുകളില്‍ നിന്നും മോചനം നല്കുന്ന, ഭൂമിയിലെ സ്വര്‍ഗ്ഗങ്ങളായ കുറച്ചു ദ്വീപുകൾ .വെറും 4 മൈല്‍ നീളവും അര മൈലില്‍ താഴെ വീതിയും മാത്രമുള്ള വളരെ ചെറിയ ദ്വീപുകളില്‍ ഒന്നാണ് മെക്സിക്കോയിലെ ഇസ്ലാ മുജറെസ്. കാന്‍കൂണിന്റെ തീരത്ത് നിന്ന് 20 മിനിറ്റ് മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഇത് ശുദ്ധമായ വെള്ളത്താലും വെളുത്ത മണലിനാലും സമ്ബന്നമാണ്. കാല്‍നടയായോ ബൈക്കിലോ പോയി കാണുവാന്‍ മാത്രമേ ഇവിടെയുള്ളൂ.
ഇതുവരെ കണ്ടിട്ടുള്ളതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകത്തേയ്ക്ക് സഞ്ചാരികളെ നയിക്കുന്ന ദ്വീപാണ് മദീറ. ലിസ്ബണ്‍ തീരത്തു നിന്നും 90 മിനിറ്റ് ദൈര്‍ഘ്യത്തില്‍ വിമാന യാത്ര ചെയ്ത് എത്തുവാന്‍ സാധിക്കുന്ന മദീറ അധികം സഞ്ചാരികള്‍ എത്തിയിട്ടില്ലാത്ത സ്ഥലം കൂടിയാണ്. നടന്നു കണ്ടുതീര്ക്കുവാനെ ഉള്ളുവെങ്കിലും മലമുകളിലേക്ക് കയറ്റിയിറക്കുന്ന വിക്കര്‍ സ്ലെഡ്ജ് കാറുകളും ഗൊണ്ടോളകളും നിര്‍ബന്ധമായും പരീക്ഷിക്കണം. ദ്വീപിന്റെ സെന്‍ട്രല്‍ ഹബ്ബായ ഓള്‍ഡ് ടൗണ്‍ ഫഞ്ചാലിലൂടെ ഒന്നു നടന്നാല്‍ പ്രദേശത്തിന്റെ വൈബ് മനസ്സിലാക്കാം.
വാരാന്ത്യ അവധി ആഘോഷങ്ങള്‍ക്ക് പറ്റിയ ദ്വീപാണ് ബ്രിട്ടീഷ് കൊളംബിയയിലെ സാള്‍ട്ട് സ്പ്രിംഗ് ഐലന്‍ഡ്.ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നും വാന്‍കൂവര്‍ ദ്വീപില്‍ നിന്നും ഫെറി സര്‍വ്വീസ് ഉള്ളതിനാല്‍ വലിയ ബുദ്ധിമുട്ടുകളില്ലാതെ ഇവിടെ എത്തിച്ചേരാം. തിമിംഗല നിരീക്ഷണം ഇവിടെ ചെയ്യുവാന്‍ പറ്റിയ രസകരമായ സംഗതിയാണ്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ നടുവിലുള്ള ഉഷ്ണമേഖലാ ദ്വീപാണ് ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ്. നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും സവിശേഷമായ യാത്രാനുഭവങ്ങളില്‍ ഒന്നായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വര്‍ഷം മുഴുവനും സുഖകരമായ താപനില ആസ്വദിക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥയും സമൃദ്ധമായ കാടും ഈ ദ്വീപിന്റെ പ്രത്യേകതയാണ്. രഹസ്യ വെള്ളച്ചാട്ടങ്ങളും കാടുകളും മാത്രമല്ല, അതിസമ്ബന്നമായ ജൈവവൈവിധ്യവും ആവാസ വ്യവസ്ഥയും ഇവിടെ കണ്ടെത്താം. ലോകത്തിലെ ഏറ്റവും മികച്ച സ്നോര്‍ക്കെല്ലിംഗും ഡൈവിംഗും ഇവിടെ ലഭ്യമാണ്.
മനോഹരമായ ഉയര്‍ന്ന പ്രദേശങ്ങള്‍, പര്‍വതങ്ങള്‍, തടാകങ്ങള്‍, സമുദ്ര കാഴ്ചകള്‍ എന്നിങ്ങനെ ഒറ്റയാത്രയില്‍ നിരവധി അനുഭവങ്ങള്‍ ഒരുക്കിയിരിക്കുന്ന ദ്വീപാണ് സ്കോട്ടിയയിലെ കേപ് ബ്രെട്ടണ്‍ ദ്വീപ്.സംസ്കാരങ്ങളുടെ സവിശേഷമായ മിശ്രിതം ഇവിടെ കാണാം. സ്കോട്ടിഷ്, ബ്രിട്ടീഷ്, ഐറിഷ്, അക്കാഡിയന്‍, മിക്മാക് എന്നിങ്ങനെ വ്യത്യസ്ത വിഭാഗക്കാരായ ആളുകള്‍ ഇവിടെ വസിക്കുന്നു.