കൊച്ചി : പുതിയ ട്രാഫിക് പരിഷ്കാരം നിലവിൽ വന്നതോടെ വൈറ്റില ജംഗ്ഷനിലെ കുരുക്കിന് ശമനമായി. പ്രവൃത്തി ദിനമായിട്ടും ഇന്നലെ കാര്യമായ ബ്ലോക്ക് ഉണ്ടായില്ല. സിഗ്‌നൽ കിട്ടാനായുള്ള വാഹനങ്ങളുടെ കാത്തു നിൽക്കൽ സമയവും ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്.
പാലാരിവട്ടം ഭാഗത്തു നിന്നു കടവന്ത്ര ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ നേരത്തേ ഫ്ളൈഓവർ കയറാതെ വൈറ്റില ജംഗ്ഷനിലെത്തി വലത്തേക്കു തിരിയുകയാണു ചെയ്തിരുന്നത്. ഇതു പൂർണ്ണമായും ഒഴിവാക്കി. പകരം ഈ വാഹനങ്ങൾ ഫ്ളൈഓവർ കയറിയിറങ്ങി ഡെക്കാത്തലണിനു സമീപമുള്ള യു ടേൺ എടുക്കണം. യു ടേൺ എടുക്കാനായി പ്രത്യേക ട്രാക്ക് ഉറപ്പാക്കിയതോടെ ഇവിടെയും വലിയ തിരക്ക് ഇന്നലെയുണ്ടായില്ല. ഡെക്കാത്തലണിനു സമീപമുണ്ടായിരുന്ന ബസ് സ്റ്റോപ്പും നീക്കം ചെയ്തു.
ജംഗ്ഷനിലെ വാഹനങ്ങളുടെ നീണ്ട ക്യു ഒഴിവായെങ്കിലും തൃപ്പൂണിത്തുറ റോഡ്, പവർഹൗസ് റോഡ് എന്നിവിടങ്ങളിൽ ഇന്നലെ തിരക്ക് ഉണ്ടായി. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ പുറത്തേക്കുള്ള വഴിയിലുണ്ടാകുന്ന തിരക്കു മൂലമാണു തൃപ്പൂണിത്തുറ റോഡിൽ ബ്ലോക്കുണ്ടാകുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ട്രാഫിക് പരിഷ്കാരം അറിയാതെ ജംഗ്ഷനിൽ എത്തുന്ന വാഹനങ്ങൾ ഒഴിയുന്നതോടെ തൃപ്പൂണിത്തുറ റോഡിലെ നിലവിലെ തിരക്കും കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്