ന്യൂഡല്‍ഹി: സെലേറിയോ സിഎന്‍ജി പുറത്തിറക്കി മാരുതി സുസൂക്കി. വിഎക്‌സ്‌ഐ ട്രിം അടിസ്ഥാനമാക്കി, മോഡലിന് 6.58 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്-ഷോറൂം, വില. പുതിയ മാരുതി സെലേരിയോ സിഎന്‍ജി ഒപ്റ്റിമല്‍ പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്നതായും മെച്ചപ്പെട്ട സുരക്ഷ, സമാനതകളില്ലാത്ത സൗകര്യം, മികച്ച ഇന്ധനക്ഷമത എന്നിവ ഉറപ്പാക്കുന്നതായും കമ്പനി വ്യക്തമാക്കി.
കമ്പനിയുടെ പുതിയ എസ്‌സിഎന്‍ജി മോഡലുകള്‍ ഡ്യുവല്‍ ഇന്റര്‍ഡിപ്പന്‍ഡ് ഇസിയു (ഇലക്‌ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകള്‍), ഇന്റലിജന്റ് ഇഞ്ചക്ഷന്‍ സിസ്റ്റം എന്നിവയോടെയാണ് വരുന്നത്. ഒപ്റ്റിമല്‍ പെര്‍ഫോമന്‍സ് നല്‍കുന്നതിനായി ഈ വാഹനങ്ങള്‍ ട്യൂണ്‍ ചെയ്യുകയും കാലിബ്രേറ്റ് ചെയ്യുകയും ചെയ്തതായി അവകാശപ്പെടുന്നു.
പുതിയ വേരിയന്റില്‍ ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റിനൊപ്പം 1.0എല്‍, 3സിലിണ്ടര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ ആണ് വാഹനത്തിന്റെ ഹൃദയം.പുതിയ മാരുതി സെലേറിയോ സിഎന്‍ജി 5,300 ആര്‍പിഎമ്മില്‍ 55.9 ബിഎച്ച്‌പി കരുത്തും 3,400 ആര്‍പിഎമ്മില്‍ 82.1 എന്‍എം ടോര്‍ക്കും നല്‍കുന്നു. 60 ലിറ്റര്‍ സിഎന്‍ജി ടാങ്കാണ് ഹാച്ച് ബാക്കിനുള്ളത്.
ഹ്യുണ്ടായ് സാന്‍ട്രോ സിഎന്‍ജി, വരാനിരിക്കുന്ന ടാറ്റ ടിയാഗോ സിഎന്‍ജി എന്നിവയാണ് മാരുതി സുസുക്കി സെലേറിയോയുടെ എതിരാളികള്‍. കൂടുതല്‍ മാരുതി സുസുക്കി സിഎന്‍ജി മോഡലുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സെലേരിയോ സിഎന്‍ജിയെ പിന്തുടര്‍ന്ന്, മാരുതി സുസുക്കിയുടെ അരീന നിരയിലുള്ള കാറുകളില്‍ നിന്ന് സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ്സ എന്നിവയ്ക്ക് സിഎന്‍ജി ലഭിക്കും. മൂന്ന് കാറുകളുടെയും സിഎന്‍ജി പതിപ്പുകള്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇഗ്നിസ്, എക്സ്‌എല്‍6, ബലെനോ തുടങ്ങിയ നെക്‌സ മോഡലുകളുടെ സിഎന്‍ജി മോഡലുകള്‍ ഭാവിയില്‍ കമ്ബനി നിര്‍മ്മിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.