പാലാ : ”സാറിന് ബാത്ത്റൂമിൽ പോകണോ? ഏത് റൂമിൽ വേണമെങ്കിലും കേറിക്കോ, അഞ്ച് പൈസ തരണ്ട, ഞാനാ പറയുന്നേ, ഈ തങ്കപ്പൻ’ അടിച്ച് പിമ്പിരിയായി നിന്ന തങ്കപ്പൻ കൈകൊണ്ട് നെഞ്ചിലടിച്ച് പാലാ സി.ഐയോട് ഉറപ്പുപറയുകയായിരുന്നു. വീണ്ടും ഉറപ്പ് ആവർത്തിച്ചതോടെ അപ്പോൾ തന്നെ പാലാ സി.ഐ കെ.പി.ടോംസൺ കൈയോടെ പൊക്കി. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരനായ തങ്കപ്പൻ മദ്യലഹരിയിൽ ആയിരിന്നു. ഈ സമയത്താണ് സി.ഐയുടെയും, ഷാഡോ പൊലീസിന്റെയും വരവ്. സ്റ്റാൻഡ് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധരുടെയും മദ്യ-മയക്കുമരുന്ന് സംഘങ്ങളുടെയും ശല്യം രൂക്ഷമാണെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് പാലാ ഡിവൈ.എസ്.പി ഷാജു ജോസിന്റെ നിർദ്ദേശപ്രകാരമായിരുന്നു മിന്നൽ പരിശോധന നടത്തിയത്.
ടൗൺ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരൻ മാത്യു ജോർജ്ജിനെയും (38) മദ്യപിച്ച നിലയിൽ കണ്ടതിനെ തുടർന്ന് പിടികൂടി. ഇരുവർക്കുമെതിരെ കേസ് എടുക്കുകയും ചെയ്തു. ജീവനക്കാരൻ ഡ്യൂട്ടി സമയത്ത് മദ്യപിച്ചിരുന്നതുമൂലം സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കംഫർട്ട് സ്റ്റേഷനിൽ കയറുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും പരാതി ഉയർന്നിരുന്നു. ജീവനക്കാരെക്കുറിച്ച് പാലാ നഗരസഭാ അധികാരികൾക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു. കരാറുകാരെ വിളിച്ചുവരുത്തി ഇത്തരം ജീവനക്കാരെ മേലിൽ കംഫർട്ട് സ്റ്റേഷനിൽ നിയമിക്കരുതെന്ന് ആവശ്യപ്പെടുമെന്ന് പാലാ നഗരസഭാ അധികാരികളും വ്യക്തമാക്കി.