തൃശൂര്‍: കര്‍ഷകര്‍ക്കും ചെറുകിട വായ്പ ആവശ്യമുള്ളവര്‍ക്കും വേണ്ടി സംയുക്ത വായ്പ പദ്ധതി നടപ്പാക്കാന്‍ പൊതുമേഖല ബാങ്കായ എസ്.ബി.ഐയും അദാനി കാപിറ്റലും തമ്മിലുണ്ടാക്കിയ കരാറിന് അനുമതി പിന്‍വലിക്കണമെന്ന് സാമ്പത്തിക, സാമൂഹിക സംഘടനകൾ ആവശ്യപ്പെട്ടു.കരാര്‍ പ്രകാരം വായ്പ ആവശ്യമുള്ളവര്‍ ആദ്യം സമീപിക്കേണ്ടത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയാണ്. ഇത് കാലക്രമേണ വായ്പയെടുക്കുന്നവര്‍ക്ക് ബാധ്യതയാവും.
രാജ്യത്ത് ആയിരക്കണക്കിന് ഇടപാടുകാരെ ആത്മഹത്യയിലേക്ക് തള്ളിയ മൈക്രോ ഫിനാന്‍സ് ഏജന്‍സികളുടെ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുക. പൊതുമേഖല ബാങ്കുകളുമായി സംയുക്ത വായ്പ പദ്ധതിയില്‍ ഏര്‍പ്പെടുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ പലതും ഇതേ പൊതുമേഖല ബാങ്കുകളില്‍നിന്ന് വന്‍ തുക വായ്പയെടുക്കുകയും ബാധ്യത വരുത്തുകയും ചെയ്ത കോര്‍പറേറ്റ് കമ്പനികളാണ്.അദാനി ഗ്രൂപ് കാര്‍ഷിക മേഖലയില്‍ ശക്തമായി ഇടപെടുന്നവരാണ്. ഇവരുടെ കൈകളിലേക്കാണ് കര്‍ഷകരെ എത്തിക്കുന്നത്. കര്‍ഷക സമൂഹം ഉള്‍പ്പെടെ ഇതില്‍ ബാധിക്കപ്പെടുന്ന ഒരു വിഭാഗവുമായും ചര്‍ച്ച ചെയ്യാതെയാണ് റിസര്‍വ് ബാങ്ക് ഈ വിജ്ഞാപനം ഇറക്കിയത്.
തമിഴ്നാട് ആസ്ഥാനമായ ‘പീപ്ള്‍സ് കമീഷന് ഓണ്‍ പബ്ലിക് സെക്ടര്‍ ആന്‍ഡ് പബ്ലിക് സര്‍വിസസ്’ സംഘടന മുഖേനയാണ് ഇവര്‍ ആവശ്യം ഉന്നയിച്ചത്. ഇത്തരം ധാരണ ഗുരുതര ഭവിഷ്യത്തിന് കാരണമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.22,219 ശാഖകളും 2,45,652 ജീവനക്കാരും 71,968 ബിസിനസ് കറസ്പോണ്ടന്റുമാരുമുള്ള വിപുലമായ പ്രവര്‍ത്തന ശൃംഖല എസ്.ബി.ഐക്കുണ്ട്. സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നിയ പ്രവര്‍ത്തനത്തിന്റെ മഹത്തായ പാരമ്ബര്യമുള്ള ബാങ്കാണ്.
മറുഭാഗത്ത്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലക്ഷ്യം ലാഭം വര്‍ധിപ്പിക്കല്‍ മാത്രമാണ്. ഇവ രണ്ടും തമ്മിലുള്ള ബന്ധം സാധാരണക്കാരെ കടുത്ത ചൂഷണത്തിലേക്ക് എറിഞ്ഞുകൊടുക്കാന്‍ മാത്രമേ വഴിവെക്കുകയുള്ളൂ. 2019ല്‍ മാത്രം 1701 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയോ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്ത ആര്.ബി.ഐ തന്നെ എസ്.ബി.ഐ-അദാനി കരാറിന് അനുമതി നല്‍കിയത് ആശങ്കാജനകമാണ്.
കോര്‍പറേറ്റ് കമ്പനികള്‍ക്ക് ബാങ്കിതര സ്ഥാപനം തുടങ്ങാന്‍ അനുമതി നല്‍കുന്നത് ആര്.ബി.ഐ അവസാനിപ്പിക്കണം. ബാങ്കുകള്‍ക്കും കര്‍ഷകര്‍ക്കും ഗുണം ചെയ്യാത്ത എസ്.ബി.ഐ-അദാനി പോലുള്ള സംയുക്ത വായ്പ ധാരണകള്‍ പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പി. സായ്നാഥ്, അഭിഭാഷക ഇന്ദിര ജെയ്സിങ്, പ്രഫ. പ്രഭാത് പട്നായിക്, ഡോ. സി.പി. ചന്ദ്രശേഖരര്‍, ജസ്റ്റിസ് ഹരി പരാന്തമന്, വെങ്കിടേഷ് ആത്രേയ, കെ.പി. ഫാബിയാന്‍, ഡോ. ടി.എം. തോമസ് ഐസക് ഉള്‍പ്പെടെ പ്രമുഖ വ്യക്തികളും ദലിത് ആദിവാസി ശക്തി അധികാര്‍ മഞ്ചുപോലുള്ള സംഘടനകളും ബാങ്കിങ് മേഖലയിലെ സംഘടന നേതാക്കളുമടക്കം 71 പേരാണ് ആര്.ബി.ഐയോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.