കുവൈറ്റ്: കുവൈറ്റിലേക്ക് വരുന്ന കോവിഡ് വാക്സിനെടുത്ത യാത്രക്കാര്‍ക്ക് ഹോം ക്വാറന്റീന് നിബന്ധനയില്‍ ഇളവ്. രാജ്യത്ത് എത്തിയ ശേഷം നടത്തുന്ന പി.സി.ആര് പരിശോധനയില്‍ (PCR Test) ഫലം നെഗറ്റീവ് ആണെങ്കില്‍ ഹോം ക്വാറന്റീന് അവസാനിപ്പിക്കാം. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനായുള്ള മന്ത്രിതല സമിതിയുടെ തലവനുമായ ശൈഖ് ഹമദ് ജാബില്‍ അല്‍ അലി അല്‍ സബാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ ഇളവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ എടുത്തത്. വിദേശത്ത് നിന്നെത്തുന്ന വാക്സിൻ എടുത്ത യാത്രക്കാര്‍ക്ക് ഹോം ക്വാറന്റീന് എഴ് ദിവസമാക്കാനാണ് ക്യാബിനറ്റ് തീരുമാനമെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ വ്യക്തമാക്കി. പക്ഷെ രാജ്യത്ത് എത്തിയ ഉടന്‍ തന്നെ നടത്തുന്ന കൊവിഡ് പി.സി.ആര് പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിക്കുകയാണെങ്കില്‍ അപ്പോള്‍ തന്നെ ക്വാറന്റീന് അവസാനിപ്പിക്കാം എന്നുമാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.