തിരുവനന്തപുരം: കോൺഗ്രസിനെതിരായ വിമർശനം ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് ദേശീയ നേതൃത്വം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നേതാക്കളെ ഒതുക്കി. കീഴ്വഴക്കം മാറ്റാനുള്ള കാരണമെന്തെന്ന് കോൺഗ്രസ് വിശദീകരിക്കണം. തൻ്റെ വിമർശനം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് എതിരേയെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി പറയുന്നത് ബിജെപി നേതാവ് മോഹൻ ഭാഗവതിൻ്റെ നിലപാടാണ്. രാഹുൽ ഗാന്ധിയുടെ നിലപാട് ബിജെപിക്ക് അനുകൂലമാണെന്ന് കോടിയേരി പറഞ്ഞു.
കോൺഗ്രസ് മൃതുഹിന്ദുത്വം സ്വീകരിച്ച് മുന്നോട്ടുപോകുന്നു. രാഹുലിന്റെ ജയ്പൂർ പ്രസംഗത്തിൽ മുതിർന്ന പാർട്ടി നേതാക്കൾ നിലപാട് വ്യക്തമാക്കണം. രാഹുലിന്റെ ഹിന്ദുത്വ നിലപാടിനെ എതിർക്കാൻ കോൺഗ്രസ് നേതാക്കൾക്കാകുന്നില്ല. ഇന്ത്യ ഹിന്ദുക്കളുടെ രാജ്യം എന്ന് ആർഎസ്എസും രാഹുലും പറയുന്നു.
കോൺഗ്രസിന്റെ മതേതര നിലപാടിൽ മാറ്റംവന്നു. മോഹൻ ഭാഗവതിന്റെ നിലപാട് ആണ് രാഹുലിന്. രണ്ട് ഹിന്ദുക്കളുടെ പാർട്ടി വേണമെന്ന് ഇരുവരും ആവശ്യപ്പെടുന്നു. ഗുലാം നബി ആസാദിനോടും സൽമാൻ ഖുർഷിദിനോടും കോൺഗ്രസിന്റെ മതനിരപേക്ഷതയെ കുറിച്ച് ചോദിക്കൂ. കോൺഗ്രസ് ദേശീയ തലത്തിൽ ന്യൂനപക്ഷങ്ങളെ അവഗണിച്ചു. അതിനാൽതന്നെ ബിജെപി വിരുദ്ധ മുന്നണിക്ക് പിന്തുണ നൽകും. ഇന്ത്യയിൽ കോൺഗ്രസിന് എഴുന്നേറ്റ് നിൽക്കാൻ കഴിവില്ല. കേരളത്തിൽ യുഡിഎഫ് കാലത്ത് കലക്ടറെയും എസ് പിയെയും സാമുദായികമായി വീതംവെച്ചു എന്ന് കോടിയേരി പറഞ്ഞു.