കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ്റെ ആവശ്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടാണ് ഹര്‍ജി. അനൂപും. സൂരജ് അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.
ദിലീപിൻ്റെ മറ്റൊരു സുഹൃത്തും കേസിലെ ആറാം പ്രതിയുമായ ശരത്ത് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി വെള്ളിയാഴ്ചയിലേക്കു മാറ്റി. ഇന്നലെ ശരത്തിൻ്റെ വീട്ടിലും സുരാജിൻ്റെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. വെള്ളിയാഴ്ച ദിലീപിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന് ജാമ്യഹര്‍ജിയെ എതിര്‍ത്തുള്ള വിശദമായ സത്യവാങ്മൂലം നല്കി.
സംവിധായകന് ബാലചന്ദ്ര കുമാറിൻ്റെ മൊഴികളും കേസില്‍ ശേഖരിച്ച തെളിവുകളും മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയേക്കും. അതിനിടെ, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. കേസിലെ അന്വേഷണ ചുമതലയുണ്ടായിരുന്ന മുന്‍ പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് എഫ്ഐആറില്‍ പറയുന്നത്.
സംവിധായകന് ബാലചന്ദ്രകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ കേസെടുത്തത്. കേസിനു പിന്നില്‍ ദുരുദ്ദേശ്യമാണെന്നാണ് ദിലീപ് വാദിക്കുന്നത്. കേസിൻ്റെ വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് പുതിയ ആരോപണവുമായി വരുന്നതെന്ന് ദിലീപിൻ്റെ അഭിഭാഷകന് വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിൻ്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.