കൊല്ലം: കൊല്ലം മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ വികസനത്തിനായി 2 കോടിയുടെ പദ്ധതി. സ്റ്റേഷന്റെ ഒന്നും രണ്ടും പ്ളാറ്റ് ഫോമുകളിൽ ഗ്രാനൈറ്റ് പാകും. മുന്നിലുള്ള പാർക്കിംഗ് ഏരിയയിൽ ടാറിംഗ് നടത്താൻ 30 ലക്ഷത്തിന്റെയും ഒന്നും രണ്ടും പ്ളാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ 22 ലക്ഷത്തിന്റെയും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. രണ്ടാമത്തെ പ്ളാറ്റ് ഫോമിന്റെ ഷെൽട്ടർ നവീകരിക്കാൻ 44 ലക്ഷത്തിനെയും ഒന്നും രണ്ടും പ്ളാറ്റ് ഫോമുകളുടെ നീളം കൂട്ടാൻ 86 ലക്ഷത്തിന്റെയും എസ്റ്റിമേറ്റ് ഇതിനോടകം തയ്യാറാക്കി കഴിഞ്ഞു.
തിരുവനന്തപുരം ഡിവിഷനിൽ നിന്നും എസ്റ്റിമേറ്റുകൾ അനുമതിക്കായി സതേൺ റെയിൽവേയിലും റെയിൽവേ ബോർഡിലും സമർപ്പിക്കും. റെയിൽവേ ബോർഡിന്റെയും ഇന്ത്യൻ റെയിൽവേയുടെയും അംഗീകാരം കിട്ടുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്കായുളള ടെൻഡർ നടപടികൾ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇക്കൊല്ലം തന്നെ നവീകരണങ്ങൾ ജോലികൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.