സ്റ്റേറ്റ് ബാങ്ക് of ഇന്ത്യ സ്ഥിരംനിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചു. പത്തു ബേസിക് പോയന്റിന്റെ വർധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഒരുവർഷത്തിനു മുകളിൽ രണ്ടുവർഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപ പലിശ 5 ശതമാനത്തിൽനിന്ന് 5.10ശതമാനമായി. മുതിർന്ന പൗരന്മാരുടെ നിരക്ക് 5.50ശതമാനത്തിൽനിന്ന് 5.60ശതമാനവുമായി വർധിപ്പിപ്പിച്ചിട്ടുണ്ട്.
എച്ച്ഡിഎഫ്സിയും നിക്ഷേപത്തിന്റെ പലിശനിരക്ക് വർധിപ്പിച്ചിട്ടുണ്ട്. രണ്ടുവർഷം മുതൽ മൂന്നുവർഷംവരെ കാലാവധിയുള്ള നിക്ഷേപത്തിന് 5.20ശതമാനമാണ് പലിശ നൽകുന്നത്. മൂന്നുവർഷം മുതൽ അഞ്ചുവർഷംവരെ കാലാവധിയുള്ള നിക്ഷേപത്തിന്റെ പലിശനിരക്ക് 5.40ശതമാനമായാണ് വർധിപ്പിച്ചത്.
അഞ്ചുവർഷത്തിനുമുകളിൽ പത്തുവർഷംവരെയുള്ള നിക്ഷേപത്തിന് 5.60ശതമാനവുമാണ് പലിശ. മറ്റുകാലാവധികളിലുളള നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഏഴു ദിവസംമുതൽ 30ദിവസം വരെയും 31 ദിവസം മുതൽ 90 ദിവസം വരെയും 91 ദിവസംമുതൽ 120 ദിവസം വരെയുമുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് പരിഷ്കരിച്ചു. യാഥാക്രമം 2.50ശതമാനം, 2.75ശതമാനം, മൂന്നുശതമാനവുമായാണ് നിരക്ക് കൂട്ടിയത്. ജനുവരി ആറുമുതലാണ് വർധന നിലവിൽവന്നത്.
സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ ഐസിഐസിഐ ഏഴുദിവസം മുതൽ 10വർഷംവരെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ കഴിഞ്ഞ നവംബർ 16 മുതലാണ് വർധിപ്പിച്ചത്. 2.5ശതമാനം മുതൽ 5.50 ശതമാനംവരെയാണ് വിവിധകാലയളവിലെ പലിശ. മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും.