തൃശൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ജില്ലയിൽ മൂന്ന് ദിവസത്തെ ആവറേജ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയിട്ടുള്ള സാഹചര്യത്തിലാണ് തീരുമാനം.
നാളെ മുതൽ എല്ലാതരം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും അനുവദിക്കുന്നതല്ല. ഉത്സവങ്ങൾ, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ മജിസ്ട്രേറ്റുകൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലയിൽ തിങ്കളാഴ്ച 1,861 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 402 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,63,650 ആണ്. 5,48,312 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്.
ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 1,822 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 22 പേർക്കും, ആരോഗ്യ പ്രവർത്തകരായ 09 പേർക്കും, ഉറവിടം അറിയാത്ത 08 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 5,089 സാമ്പിളുകളാണ് പരിശോധിച്ചത്.