കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്റെ കൈവശമുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ആര്‍ക്കിയോളജി സര്‍വെ ഓഫ് ഇന്ത്യയുടെ പരിശോധന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചു. പത്ത് വസ്തുക്കളായിരുന്നു പരിശോധനയ്ക്കായി അയച്ചത്.
വിവാദമായ ശബരിമല ചെമ്പോലയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പത്തിൽ എട്ടും പുരാവസ്തുക്കളെല്ലാണ് റിപ്പോർട്ട്. ചെമ്പോലയ്ക്കൊപ്പം പരിശോധിച്ച നടരാജ വിഗ്രഹവും പുരാവസ്തുവല്ല. മോൻസന്റെ ശേഖരത്തിലെ ഒരു റോമൻ നാണയവും ലോഹവടിയും മാത്രമാണ് പുരാവസ്തുക്കളുടെ ഗണത്തിൽപ്പെടുത്താവുന്നതെന്നാണ് റിപ്പോർട്ട്. ഇത് യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോന്സന് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇവ ഏത് കാലഘട്ടത്തിലെ നാണയങ്ങളാണെന്ന് തറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും ഇതിന് പുരാവസ്തു മൂല്യമുണ്ടെന്നാണ് കണ്ടെത്തല്‍.
മോൻസന്റെ ശേഖരം നേരത്തെ സംസ്ഥാന പുരാവസ്തു വകുപ്പും പരിശോധിച്ചിരുന്നു. ടിപ്പുവിന്റെ സിംഹാസനമടക്കം പുരാവസ്തുക്കളെന്ന് അവകാശപ്പെട്ട മുപ്പത്തിയഞ്ചെണ്ണം അങ്ങനെയല്ലെന്ന് തെളിഞ്ഞിരുന്നു.
ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട് അടുത്തദിവസം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും. ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് തെളിഞ്ഞതോടെ ക്രൈംബ്രാഞ്ചിന് ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തുടങ്ങാം. ശബരിമല സ്ത്രീപ്രവേശന വിവാദം കത്തി നിന്ന കാലത്ത് അവിടുത്തെ ആചാരങ്ങൾ സംബന്ധിച്ച് ചെന്പോല പുറത്തുവന്നതിന് പിന്നിൽ ഗൂഡാലോചന ഉണ്ടെയെന്നാണ് പരിശോധിക്കുക.