ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ ആറാം വാർഡിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന മംഗലം മിത്രപ്പുഴ വായനശാല റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദീർഘകാലമായി ഈ റോഡ് സഞ്ചാരയോഗ്യമല്ലാതിരുന്നത് ഈ പ്രദേശത്തെ ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു.
നഗരസഭയുടെയും വാർഡ് കൗൺസിലറുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം ഉണ്ടായില്ല. മംഗലം ചെങ്ങന്നൂർ പൗരാവലിയുടെ നിവേദനത്തെ തുടർന്ന് മന്ത്രി സജി ചെറിയാൻ ഈ റോഡ് മുഖ്യമന്ത്രിയുടെ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തുകയും, 3.32 കോടി രൂപ അനുവദിക്കുകയും ചെയ്തു.
നിർമ്മാണം ഏറ്റെടുത്ത പാലത്ര കൺസ്ട്രക്ഷൻസ് ജീവനക്കാർക്ക് മംഗലം പൗരാവലി സ്വീകരണം നൽകി. പൗരാവലിയുടെ പ്രതിനിധി പീടികയിൽ സുരേഷ് ചാക്കോ ജെസിബി ഡ്രൈവർക്ക് താക്കോൽ നൽകി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.