കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും സുപ്രധാന വിധി. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നല്കി. വിചാരണക്കോടതിയ്ക്കെതിരെ പ്രോസിക്യൂഷന് നല്കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടല്‍ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
രണ്ട് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് പ്രത്യകിച്ച് പ്രോസിക്യൂഷന് വിചാരണക്കോടതിയില്‍ ഉന്നയിച്ചിരുന്നത്. നേരത്തെ വിചാരണക്കോടതി ഈ ആവശ്യങ്ങള്‍ തള്ളിയിരുന്നു. കേസില്‍ 16 സാക്ഷികളെ കൂടുതല്‍ വിസ്തരിക്കണം എന്നതായിരുന്നു പ്രധാനപ്പെട്ട ആവശ്യം. മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല് പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. ഇതില്‍ രണ്ട് ആവശ്യവും ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.
പ്രോസിക്യൂഷന് ആവശ്യപ്പെട്ട 16 സാക്ഷികള്‍ക്ക് പകരം പ്രധാനപ്പെട്ട എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അതോടൊപ്പം മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല് പകര്‍പ്പ് ഹാജരാക്കാനും കോടതി അനുമതി നല്കി. ഇതുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രണ്ട് ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് കേസില്‍ ഇപ്പോൾ നിര്‍ണായകമായ ഈ ഉത്തരവ് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.