കോഴിക്കോട്: കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം എടുത്തു. ബീച്ചിലടക്കം നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലിയിൽ പൊതുയോഗങ്ങൾ വിലക്കും, ബസ്സില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല, നഗരത്തിൽ അടക്കം പരിശോധന കർശനമാക്കുമെന്നും കളക്ടർ തേജ് ലോഹിത് റെഡ്ഡി വ്യക്തമാക്കി.
അതേസമയം, കോവിഡ് വകഭേദമായ ഒമിക്രോൺ ബാധ രോഗ പ്രതിരോധശേഷി കൂട്ടുമെന്നും രോഗം വന്നാലും ഗുരുതമാകില്ലെന്നുമുള്ള നവമാധ്യമങ്ങളിലെ പ്രചാരണം അസംബന്ധമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളില്‍ 38 പേർക്ക് ഒമിക്രോൺ സാധ്യത സ്ഥിരീകരിച്ചത് സമൂഹ വ്യാപനം തുടങ്ങിയെന്നതിന് തെളിവാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. കോഴിക്കോട്ട് ഒരു വിഭാഗം ഡോക്ടർമാർ നടത്തിയ പഠനത്തിൽ 51 സാമ്പിളുകളിൽ 38 എണ്ണത്തിലാണ് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നതിൽ ആശങ്ക വർധിക്കുകയാണ്. ഇന്നലെ 30.55 ശതമാനമായിരുന്നു ടിപിആർ. തിരുവനന്തപുരത്തിന് പിന്നാലെ എറണാകുളത്തും പൊതു പരിപാടികൾക്ക് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.