കുവൈറ്റ്: തൊഴിലില്ലായ്മ വളരെ രൂക്ഷമായ കുവൈറ്റില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെന്നാവശ്യം ഉന്നയിച്ച് എംപിമാര്‍ പാര്‍ലമെന്റില്‍. കുവൈറ്റ് പൗരന്മാര്ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന നിയമം കര്‍ശനമായി നടപ്പിലാക്കണമെന്നും സര്‍ക്കാര്‍ ജോലികളില്‍ പുതിയതായി പ്രവാസികളെ നിയമിക്കുന്നത് നിര്‍ത്തലാക്കണമെന്നും എംപിമാര്‍ ശക്തമായി ആവശ്യപ്പെട്ടു. നിലവിലെ സ്വദേശിവല്‍ക്കരണ നിയമപ്രകാരം അംഗീകരിക്കപ്പെട്ട ശതമാനത്തില്‍ കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും അവരെ പിരിച്ചുവിടണമെന്നും അവര്‍ ആവശ്യപ്പെടുകയും ചെയ്തു.
രാജ്യത്ത് തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുകയും കുവൈറ്റ് പൗരന്മാര്ക്കായി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച മൂന്ന് കരട് ബില്ലുകളിന്‍ മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഇടയിലാണ് എംപിമാര്‍ ഈ ആവശ്യം ശക്തമായി ആവശ്യപ്പെട്ടത്.
പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എംപിമാരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വീണ്ടും സമര്‍പ്പിക്കുന്നതിനായി ബന്ധപ്പെട്ട പാര്‍ലമെന്റ് സമിതിക്ക് തിരികെ നല്‍കിയിരിക്കുകയാണ് കരട് ബില്ലുകള്‍. ശക്തമായ സ്വദേശിവല്‍ക്കരണ നയങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ബില്ലുകള്‍ എന്നും റിപ്പോർട്ടുകൾ ഉണ്ട്.