തിരുവനന്തപുരം: പ്രതിദിന കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം മുന്‍നിര്‍ത്തി ചികിത്സ സംവിധാനങ്ങള്‍ ഉയര്‍ത്താന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം.ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധന കണ്ടു തുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണിത്. അതത് ജില്ലകളില്‍ കലക്ടര്‍മാര്‍ക്കാണ് ചുമതല. നിലവിലെ സാഹചര്യത്തില്‍ കോവിഡ് ചികിത്സ സംവിധാനങ്ങള്‍ അപര്യാപ്തമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനങ്ങള്‍ ചികിത്സ സംവിധാനം കൂട്ടണമെന്ന് കേന്ദ്രവും അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷം അവസാനം രണ്ടാംതരംഗം ഏതാണ്ട് ശമിച്ചതോടെ കോവിഡ് ബ്രിഗേഡ്, ഫസ്റ്റ്ലൈന് ട്രീറ്റ് മെന്റ് സെന്ററുകള്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ അടക്കം നിര്‍ത്തലാക്കിയിരുന്നു. ഇതെല്ലാം വീണ്ടും ആരംഭിക്കേണ്ടിവരുമെന്നാണ് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയത്.
മൂന്നാഴ്ചക്കുള്ളില്‍ അതിവ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം അഞ്ചുലക്ഷം കവിയാനുള്ള സാധ്യത തള്ളാനാവില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈമാസം അവസാനം വ്യാപനം ഉച്ചസ്ഥായിയിലെത്തുമെന്നും മാര്‍ച്ച് ആദ്യവാരത്തോടെ വ്യാപനം ശമിക്കുമെന്നുമാണ് വിലയിരുത്തല്‍.
രണ്ടാം തരംഗത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം നാലരലക്ഷത്തോട് അടുത്തിരുന്നു. കഴിഞ്ഞവര്‍ഷം മേയ് 16ന് 4,40,652 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. വാക്സിനേഷന് വ്യാപകമായതിനാല്‍ അന്ന് ആവശ്യമായ അത്രത്തോളം ഐ.സി.യു, വെന്റിലേറ്ററുകള്‍ ഇപ്പോള്‍ വേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടവരിലും വര്‍ധനയുണ്ടാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഇപ്പോള്‍ അമിത ആശങ്ക നിലനില്‍ക്കുന്നത്.