ഹേഗ് : റോഹിഗ്യൻ വംശജരുടെ വംശീയഹത്യ കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടികൾ ഫെബ്രുവരിയിൽ ആംഭിക്കാനൊരുങ്ങി അന്താരാഷ്ട്ര നീതിന്യായ കോടതി. വിഷയത്തിൽ ഫെബ്രുവരി 21 മുതല്‍ വിചാരണ നടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിചാരണ നടപടികളുടെ ഭാഗമായി ഇപ്പോൾ മ്യാൻമറിനെ പ്രതിനിധീകരിച്ച് സൈന്യത്തിന്റെ പ്രതിനിധികൾ കോടതിയിൽ ഹാജരാകണം. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഹൈബ്രിഡ് ഹിയറിംഗിന് കോടതി അംഗീകാരം നല്‍കിയിട്ടുണ്ട്. ചിലര്‍ നേരിട്ട് വിചാരണക്ക് ഹാജരാകുകയും ചിലര്‍ ഓണ്‍ലൈനായി പങ്കെടുക്കുകയും ചെയ്യുന്ന രീതിയാണ് ഹൈബ്രിഡ് ഹിയറിംഗ് എന്ന് അറിയപ്പെടുന്നത്.
മ്യാൻമറിലെ റോഹിഗ്യൻ വംശജരുടെ പരാതി, ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയുടെ അറ്റോര്‍ണി ജനറല്‍ ജൗഡ ജാലൗ ആണ് ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള അന്താരാഷ്ട്ര കോടതിക്ക് മുന്നിലെത്തിച്ചത്.2019ല്‍ അന്നത്തെ മ്യാന്മര് ഭരണാധികാരി ആങ് സാന്‍ സൂചി, കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഹേഗിലെ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കേസുമായി മുന്നോട്ട് പോകാൻ കോടതി തീരുമാനം എടുക്കുകയായിരുന്നു. 2017ൽ മ്യാൻമർ സൈന്യത്തിന്റെ അതിക്രമങ്ങൾക്ക് പിന്നാലെ ഏഴ് ലക്ഷത്തിലധികം റോഹിഗ്യൻ വംശജർ മ്യാന്മറില് നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തുവെന്നാണ് കണക്കുകൾ പുറത്തുവരുന്നത്.