ദുബായ്: ക്രീക്കിന് മുകളിലൂടെ നിര്‍മിച്ച പുതിയ ഇന്‍ഫിനിറ്റി പാലത്തിലൂടെ ഞായറാഴ്ച മുതല്‍ പൊതുഗതാഗതം ആരംഭിച്ചു.നേരത്തേ ഈ ഭാഗത്ത് ഗതാഗതത്തിന് ആശ്രയിച്ചിരുന്ന ഷിന്ദഗ ടണലിന്റെ ദേരയില്‍ നിന്ന് ബര്‍ദുബൈയിലേക്ക് പോകുന്ന ഭാഗം രണ്ടു മാസത്തേക്ക് കഴിഞ്ഞ ദിവസം മുതല്‍ അടച്ചിരുന്നു.
വ്യാഴാഴ്ച യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം പാലം ഉദ്ഘാടനം ചെയ്തു.ശേഷമാണ് ഗതാഗതം ആരംഭിക്കാന്‍ തുടങ്ങിയത്. ഞായറാഴ്ച രാവിലെ മുതല്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ തുടങ്ങിയെങ്കിലും വാരാന്ത്യ അവധി ദിനമായതിനാല്‍ തിരക്ക് അനുഭവപ്പെട്ടില്ല.
ഷിന്ദഗ ടണലില്‍ ഓരോ ഭാഗത്തേക്കും രണ്ടു ലെയ്നുകളായിരുന്നിടത്ത് പുതിയ പാലത്തില്‍ ആറു ലൈനുകള്‍ വീതമുണ്ട്. അതിനാല്‍ തന്നെ തടസ്സംകൂടാതെ ഗതാഗതം സാധ്യമാകും. ഓരോ മണിക്കൂറിലും 24,000 വാഹനങ്ങള്‍ക്ക് പാലത്തിലൂടെ കടന്നുപോകാമെന്നാണ് ആര്.ടി.എ വ്യക്തമാക്കിയത്. പാലത്തില്‍ അനുവദിച്ച വേഗം 80 കി.മീറ്ററാണ്.വളരെ സുഗമമായ യാത്രയായിരുന്നു പാലത്തിലൂടെയെന്ന് ആദ്യദിനം സഞ്ചരിച്ചവരെല്ലാം അഭിപ്രായപ്പെട്ടു. രണ്ട് മിനിറ്റാണ് പാലം കടന്നുപോകാന്‍ സാധാരണഗതിയില്‍ എടുക്കുന്നത്.
ഇന്‍ഫിനിറ്റി പാലം കാണാനായും ആദ്യ ദിനത്തില്‍ ധാരാളം പേരെത്തി. പാലത്തിലേക്ക് പ്രവേശിക്കുന്നതിന് കൃത്യമായ സൂചനബോര്‍ഡുകള്‍ സ്ഥാപിച്ചത് യാത്രക്കാര്‍ക്ക് ഉപകാരപ്രദമായി. ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥര്‍ പാലം സന്ദര്‍ശിച്ചു. ആര്.ടി.എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്വാര്‍ മുഹമ്മദ് ആല് തായര്‍, ദുബൈ പൊലീസ് കമാന്‍ഡിങ് ചീഫ് ലഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി എന്നിവരടക്കമുള്ളവരാണ് എത്തിയത്.