കോവിഡിന്റെ അതിപ്രസരം, ഡിപ്പാര്‍ട്ട്മെന്റിലെ സോഫ്റ്റ്വേര്‍ തകരാര്‍ എന്നിവ മൂലം നികുതിദായകര്‍ക്കും ബന്ധപ്പെട്ട പ്രഫഷണലുകള്‍ക്കും മറ്റുള്ളവര്‍ക്കുമൊക്കെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് റിപ്പോര്‍ട്ടുകളും റിട്ടേണുകളും ഫയല്‍ ചെയ്യുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ചു നല്കികൊണ്ടു 11-01-2022ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.ഓഡിറ്റിംഗ് റിപ്പോർട്ട് ഫയൽ ടാക്സ് ഓഡിറ്റിംഗിന് വിധേയരായിട്ടുള്ള നികുതിദായകര്‍ 2020-21 സാമ്പത്തികവര്‍ഷത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ 2022 ജനുവരി 15നുമുൻപ് ഫയല്‍ ചെയ്യണമെന്നായിരുന്നു ചട്ടം. പ്രസ്തുത തീയതി 2022 ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
നികുതിദായകന് അക്കൗണ്ടിലെ വിറ്റുവരവ് ഒരു കോടി രൂപയോ അതില്‍ കൂടുതലോ ആണെങ്കിലും അനുമാന നികുതി അടച്ചു കോംബൗണ്ട് ചെയ്യുന്നില്ലെങ്കിലും നിര്‍ബന്ധിത ഓഡിറ്റിംഗിനു വിധേയരാകും. പ്രൊഫഷണലുകള്‍ക്ക് 50 ലക്ഷം രൂപയാണു പരിധി. എന്നാല്‍ 95 ശതമാനത്തിലധികം വരവുകളും ചെലവുകളും ബാങ്കിലൂടെയാണെങ്കില് 2020-21 സാന്പത്തിക വര്‍ഷത്തില്‍ 10 കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ല. ഇവര്‍ക്കു മൊത്തവരവിന്റെ അഞ്ചുശതമാനത്തില്‍ കൂടുതല്‍ ക്യാഷായി സ്വീകരിക്കുവാന്‍ പാടില്ല.
അതോടൊപ്പം മൊത്തം ചെലവുകളുടെ അഞ്ചുശതമാനത്തില്‍ കൂടുതല്‍ രൂപ പണമായി ചെലവാക്കാനും പാടില്ല. അനുമാന നികുതി അടച്ചു കോംബൗണ്ട് ചെയ്യുന്നവര്‍ക്കു വിറ്റുവരവിന്റെ പരിധി പരമാവധി രണ്ടു കോടി രൂപയാണ്.ടാക്സ് ഓഡിറ്റിംഗിന് വിധേയരായിട്ടുള്ള നികുതിദായകരും അവര്‍ പങ്കുവ്യാപാരസ്ഥാപനങ്ങളാണെങ്കില് അവയും അവയുടെ പങ്കുകാരും കന്പനികളും റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയം 2022 ഫെബ്രുവരി 15 ആയിരുന്നത് മാര്‍ച്ച് 15 വരെ ദീര്‍ഘിപ്പിച്ചു.