ന്യൂഡൽഹി;പ്രശസ്ത കഥക് നര്ത്തകന് പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ വസതിയിലാണ് അന്ത്യം. ഇന്നലെ രാത്രി പേരക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കവേ അബോധാവസ്ഥയിലാവുകയായിരുന്നു. ഡല്‍ഹിയിലെ സാകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിലൊരാളാണ് ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ്.
പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ നല്കി രാജ്യം ആദരിച്ച കലാകാരനാണ് ബിര്‍ജു മഹാരാജ്. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കാളിദാസ് സമ്മാൻ, നൃത്ത രൂപകല്‍പ്പനയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. പണ്ഡിറ്റ്ജി, മഹാരാജ്ജി എന്നെല്ലാമാണ് അദ്ദേഹത്തെ പ്രിയപ്പെട്ടവരും ശിഷ്യരും വിളിച്ചിരുന്നത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ അദ്ദേഹം നൃത്തപരിപാടികൾ അവതരിപ്പിച്ചിരുന്നു. ഡൽഹിയിൽ കലാശ്രമം എന്ന പേരിൽ കഥക് കളരിയും നടത്തിവരികയായിരുന്നു.