ഓഹരി സൂചിക രണ്ടാഴ്ചകൊണ്ട് അഞ്ചു ശതമാനം മുന്നേറിയതു നിക്ഷേപകരെ ആവേശം കൊള്ളിച്ചു.വിദേശഫണ്ടുകള്‍ വീണ്ടും വില്‍പ്പനക്കാരായെങ്കിലും ശക്തമായ പിന്തുണയുമായി ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ രംഗത്തുണ്ട്. പുതുവര്‍ഷം പിറന്നശേഷം യൂറോപ്യന്‍ മാര്‍ക്കറ്റുകള്‍ പലതും ആടിയുലയുന്നത് ആശങ്കയോടെയാണ് ഏഷ്യന്‍ രാജ്യങ്ങള്‍ വീക്ഷിക്കുന്നത്. കോര്‍പറേറ്റ് മേഖലയില്‍നിന്നുള്ള പുതിയ കണക്കുകളെ വിപണി ഉറ്റുനോക്കുന്നു. പണപ്പെരുപ്പം ഉയര്‍ന്നതലത്തില്‍ നീങ്ങുന്നതും ആശങ്കയുളവാകുന്നു
ബോംബെ സെന്‍സെക്സ് 1478 പോയിന്റും നിഫ്റ്റി സൂചിക 443 പോയിന്റും കഴിഞ്ഞവാരം ഉയര്‍ന്നു. ഈ മാസം ഇതിനകം ഇവ യഥാക്രമം 2968 പോയിന്റും 902 പോയിന്റും വര്‍ധിച്ചു.യുഎസ്-യൂറോപ്യന്‍ വിപണികള്‍ വാരാന്ത്യത്തില്‍ വില്‍പ്പനക്കാരുടെ നിയന്ത്രണത്തിലാണ്. നാണയപ്പെരുപ്പം കുതിക്കുന്നതിനാല്‍ പലിശ നിരക്ക് മാര്‍ച്ചിനു മുന്നേ ഉയര്‍ത്താനുള്ള സാധ്യത ഫണ്ടുകളെ വില്‍പ്പനക്കാരാക്കി. കോവിഡ് കൂടുതല്‍ വ്യാപിക്കുന്നതിനാല്‍ പല സംസ്ഥാനങ്ങളും കൂടുതല്‍ നിയന്ത്രണങ്ങള്ക്കൊരുങ്ങുന്നതു സാന്പത്തിക വളര്‍ച്ച മുരടിപ്പിക്കാം.
മുന്‍വാരത്തിലെ 17,812ല്‍നിന്നും കുതിച്ച സൂചിക 18,220ലെ പ്രതിരോധം മറികടന്ന് 18,286 പോയിന്റ് വരെ കയറിയശേഷം 18,225ല്‍ ക്ലോസ് ചെയ്തു. ഈ വാരം നിഫ്റ്റിക്ക് ആദ്യതടസം 18,398ലാണ്. വിദേശ ഓപ്പറേറ്റര്‍മാര്‍ വില്‍പ്പനയ്ക്ക് ഉത്സാഹിക്കുന്നതിനാല്‍ ഈ റേഞ്ചില്‍ വിപണി കിതയ്ക്കാന്‍ ഇടയുണ്ടെങ്കിലും പ്രതിരോധം മറികടന്നാല്‍ 18,541 വരെ സഞ്ചരിക്കാം. സൂചിക ഉറ്റുനോക്കുന്നത് റിക്കാര്‍ഡായ 18,604നെയാണ്. വിപണിയുടെ താങ്ങ് 18,000 പോയിന്റിലാണ്.
ബോംബെ സെന്‍സെക്സ് 59,744 പോയിന്റില്‍നിന്നും 61,324 വരെ ഉയര്‍ന്നങ്കിലും ക്ലോസിംഗില്‍ 61,223 പോയിന്റിലാണ്. ഈ വാരം 61,679 പോയിന്റില്‍ ആദ്യ തടസമുണ്ട്. ഈ പ്രതിരോധം തകര്‍ത്താല്‍ സെന്‍സെക്സ് 62,136നെ ലക്ഷ്യമാക്കി നീങ്ങും. വിപണിയുടെ താങ്ങ് 60,410 പോയിന്റാണ്. ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിനു മുന്നില്‍ രൂപ 74.46 ല്‍നിന്ന് 73.74ലേയ്ക്ക് ശക്തിപ്രാപിച്ചശേഷം വാരാന്ത്യം 74.15ലാണ്.
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ശേഖരം ജനുവരി ഏഴിന് അവസാനിച്ച വാരം 897 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 632.7 ബില്യണ്‍ ഡോളറിലെത്തി. ആഗോളവിപണിയില്‍ ക്രൂഡ്ഓയില്‍ ബാരലിന് 81 ഡോളറില്‍നിന്നും 86.45 ഡോളറായി.ഡെയിലി ചാര്‍ട്ടില്‍ നിഫ്റ്റിയുടെ സാങ്കേതികചലനങ്ങള് നിരീക്ഷിച്ചാല്‍ സൂപ്പര്‍ ട്രെന്‍ഡ്, പാരാബോളിക്ക് എസ്ഏആര്‍ എന്നിവ ബുള്ളിഷാണ്. എംഎസിഡിയും മുന്നേറ്റത്തിനു പച്ചക്കൊടി ഉയര്‍ത്തി. അതേസമയം, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫുള്‍ സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് ആര്‍എസ്ഐ തുടങ്ങിയവ ഓവര്‍ ബ്രോട്ടാണ്.