തൃശൂർ: തൃശൂരിലെ സിപിഎം തിരുവാതിര ന്യായീകരിച്ച് ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദണ്ഡം ലംഘിച്ചല്ല തിരുവാതിര നടത്തിയത്. 80 പേര് മാത്രമാണ് പങ്കെടുത്തത്. തെക്കുംകരയില്‍ ന്യൂട്രോണ്‍ ബോംബുണ്ടാക്കിയതു പോലെയാണ് പ്രചരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, വിവാദമായ തിരുവനന്തപുരം ജില്ലയിലെ തിരുവാതിരയിൽ ജില്ലാ കമ്മിറ്റി ക്ഷമാപണവുമായി രംഗത്തെത്തി.
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന തിരുവാതിരയിൽ സ്വാഗതസംഘം കൺവീനർ എസ് അജയനാണ് ക്ഷമചോദിച്ചത്. തിരുവാതിര നടത്തിയ ദിവസവും പാട്ടിലെ വരികളും സഖാക്കൾക്ക് വേദന ഉണ്ടാക്കിയതായി മനസിലാക്കുന്നു. അങ്ങനെ സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നതായി അജയൻ പറഞ്ഞു.
എന്നാൽ, തൃശൂർ ജില്ലാ സെക്രട്ടറി തിരുവാതിരയെ ന്യായീകരിക്കുകയാണ് ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനം നടന്നതെന്നും മറ്റുള്ള വിമർശനങ്ങൾ സാധാരണമാണെന്നുമാണ് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.