കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം. സാമൂഹിക, സാംസ്കാരിക, സാമുദായിക, പൊതു പരിപാടികൾക്ക് വിലക്കേർപ്പെടുത്തി. എറണാകുളത്ത് ടിപിആര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 30 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 11 കേന്ദ്രങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. രോഗികളോ സമ്പര്‍ക്കമുള്ളവരോ ക്വാറന്റൈനില്‍ അലംഭാവം കാണിക്കരുതെന്നും ജില്ലയില്‍ അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ മാറ്റിവെയ്ക്കാൻ കളക്ടർ നിർദേശം നൽകി. വിവാഹം, മരണാനന്തര ചടങ്ങുകൾ കൊവിഡ് ചട്ടങ്ങൾ പ്രകാരം മാത്രമേ നടത്താവൂ. സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിലുൾപ്പെടെ യോഗങ്ങൾ ഓൺലൈനായി നടത്തണമെന്നും നിർദേശമുണ്ട്. ഷോപ്പിംഗ് മാളുകളിൽ 25 സ്ക്വയർ ഫീറ്റിൽ ഒരാളെന്ന നിലയിൽ പ്രവേശനം ക്രമീകരിയ്ക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്റർ രൂപപ്പെട്ടാൽ 15 ദിവസത്തേയ്ക്ക് അടച്ചിടാനും കളക്ടർ നിർദേശം നൽകി.
കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തുമാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. തിരുവനന്തപുരത്ത് ഇന്നലെ മുതൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമാണ് അനുമതി. നേരത്തെ നിശ്ചയിച്ച യോഗങ്ങളും മാറ്റിവയ്ക്കണമെന്ന് സംഘാടകർക്ക് നിർദേശം നൽകി. തിരുവനന്തപുരം ജില്ലയിൽ കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം.മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാരസ്ഥാപനങ്ങളിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണമെന്നും വിവരം പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫിസറെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.