കോട്ടയം: ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടിപ്പില്‍ ഒന്നാം സമ്മാനം കോട്ടയം കുടയംപടി ഒളിപ്പറമ്പില്‍ സദാനന്ദന് (സദന്). ഇന്നു രാവിലെ വാങ്ങിയ XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
12 കോടി രൂപയുടെ ഭാഗ്യമാണ് പെയിന്റിങ് തൊഴിലാളിയായ സദാനന്ദനെ തേടിയെത്തിയിരിക്കുന്നത്. അയ്മനം സ്വദേശി കുടയംപടി സ്വദേശി കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നും സദൻ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ ഇറച്ചി വാങ്ങാനായി പുറത്തേക്കിറങ്ങിയ സദൻ വഴിയിൽ വച്ച് സുഹൃത്തായ ശെൽവനിൽ നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്. രാവിലെ ഒൻപതരയോടെ വഴിയിൽ വച്ച് ശെൽവനെ കണ്ട സദൻ പണം കൊടുത്ത് ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെടുകയും. വിൽക്കാൻ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിൽ ഒന്ന് ശെൽവൻ സദന് കൈമാറുകയായിരുന്നു.സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താൻ എന്നും എന്നാൽ ഇക്കുറി ക്രിസ്മസ് ബംപർ എടുക്കുണമെന്ന് കരുതിയിരുന്നുവെന്നും സദൻ പറയുന്നു.
കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദാനന്ദന് താമസിക്കുന്നത്. അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ. അപ്രതീക്ഷിതമായി 12 കോടി രൂപ അടിച്ചതിന്റെ ആഹ്ളാദത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ രാജമ്മയും മക്കളായ സനീഷ് സദനും, സഞ്ജയ് സദനും.