ഇസ്ലാമാബാദ് : പാകിസ്ഥാൻ സമ്പദ്വ്യവസ്ഥ ദിനംപ്രതി കൂടുതൽ തകർച്ചയിലേക്ക് നീങ്ങവേ സമ്പന്നരായ ആളുകളെ കൊണ്ട് രാജ്യത്ത് നിക്ഷേപം വർദ്ധിപ്പിക്കുവാൻ പുതിയ വഴികൾ തേടി പാകിസ്ഥാൻ. വിദേശത്തെ സമ്പന്നരായ വ്യക്തികൾക്ക് പാക് പൗരത്വം നൽകുവാനാണ് ഇമ്രാൻ സർക്കാർ ആലോചിക്കുന്നത്. ഇത് വഴി നിക്ഷേപം വർദ്ധിപ്പിക്കാനാവുമെന്ന് അവർ കണക്ക് കൂട്ടുന്നു. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ വിദേശ പൗരന്മാർക്ക് സ്ഥിരതാമസ പദ്ധതി വാഗ്ദാനം ചെയ്യുന്ന പദ്ധതിയെ കുറിച്ച് ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാനമായും സിഖ്, അഫ്ഗാനികൾ, ചൈനക്കാർ തുടങ്ങിയവരെയാണ് പാകിസ്ഥാൻ ലക്ഷ്യം വയ്ക്കുന്നത്. ബ്രിട്ടനിലും, കാനഡയിലും താമസിക്കുന്ന സിഖ് വംശജരെ കർതാർപൂർ ഇടനാഴി പോലെയുള്ള മതപരമായ സ്ഥലങ്ങളിൽ നിക്ഷേപം നടത്താനാണ് പാകിസ്ഥാൻ പ്രേരിപ്പിക്കുന്നത്. ഇതിന് സമാനമായി അഫ്ഗാനിൽ താലിബാൻ ഭരണം വരുമെന്ന് നേരത്തേ പ്രതീക്ഷിച്ച് മലേഷ്യയിലും മറ്റുമായി ചേക്കേറിയ സമ്പന്നരായ അഫ്ഗാനികളെയും, ചൈനീസ് സമ്പന്നരേയും പാകിസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ എത്രപേർ ഇത് തിരഞ്ഞെടുക്കും എന്ന കാര്യത്തിലും ആശങ്കയുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഉത്തര കൊറിയയ്ക്കും പിന്നിലാണ് ഇപ്പോൾ പാകിസ്ഥാന്റെ സ്ഥാനം.