കുവൈത്ത് സിറ്റി: കുവൈത്തിലെ കാല്പന്ത് പ്രേമികളുടെ കാത്തിരിപ്പിനറുതി വരുത്തിക്കൊണ്ട് കെഫാക് മത്സരങ്ങള്‍ക്ക് വീണ്ടും തുടക്കമായി.കെഫാക്കുമായി സഹകരിച്ച് അല്‍ ശബാബ് എഫ്.സിയാണ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റായ മെറിറ്റ് ഇന്റര്‍നാഷനല്‍ കിങ്സ് കപ്പ് 2022 സംഘടിപ്പിച്ചത്. കെഫാക് ലീഗില്‍ കളിക്കുന്ന 18 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ സോക്കര്‍ കേരള ജേതാക്കളായി.
കോവിഡ് കാലത്തെ നീണ്ട ഇടവേളക്കു ശേഷമാണ് രാജ്യത്തെ മൈതാനങ്ങള്‍ ഫുട്ബാള്‍ മത്സരങ്ങളുടെ ആരവം തിരിച്ചുപിടിക്കുന്നത്. വാശിയേറിയ ഫൈനലില്‍ ശക്തരായ മലപ്പുറം ബ്രദേഴ്സിനെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് സോക്കര്‍ കേരള വിജയികളായത്.റൗദ എഫ്.സി മൂന്നാം സ്ഥാനം നേടി. 23 മാസങ്ങള്‍ക്കുശേഷം നടന്ന മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് ടീമുകള്‍ പുറത്തെടുത്തത്.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി റൗദ എഫ്.സിയുടെ ശിഹാബിനെയും ഡിഫന്‍ഡറായി മലപ്പുറം ബ്രദേഴ്സിെന്റ റിയാസ് ബാബുവിനെയും മികച്ച ഗോള്‍ കീപ്പറായി സോക്കര്‍ കേരളയുടെ ബോസ്കോയെയും തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍ പുരസ്കാരം സോക്കര്‍ കേരളയുടെ ജയനും ഫെയര്‍ പ്ലേ അവാര്‍ഡ് ബിഗ് ബോയ്സ് എഫ്.സിക്കും സമ്മാനിച്ചു. മത്സരങ്ങള്‍ കാണാന്‍ പ്രതികൂല കാലാവസ്ഥയിലും നിരവധി പേരാണ് ബയാനിലെ പബ്ലിക് സ്റ്റേഡിയത്തില്‍ എത്തിയത്. വൈകീട്ട് മൂന്നിന് തുടങ്ങിയ മത്സരങ്ങള്‍ രാത്രി ഒമ്പതിന് അവസാനിച്ചു.
വിജയികള്‍ക്ക് കെഫാക് പ്രസിഡന്റ് സിദ്ദീഖ്, സെക്രട്ടറി വി.എസ്. നജീബ്, ട്രഷറര്‍ തോമസ്, സ്പോര്‍ട്സ് സെക്രട്ടറി അബ്ദുറഹ്മാന്, ഭാരവാഹികളായ ഗുലാം മുസ്തഫ, ബേബി നൗഷാദ്, റോബര്‍ട്ട് ബെര്‍ണാഡ്, റബീഷ്, ഫൈസല്‍ ഇബ്രാഹിം, ഷബീര്‍, അസ്വദ്, നാസര്‍, അബ്ബാസ്, നൗഫല്‍, ഹനീഫ, ഹൈതം ഷാനവാസ്, ടൈറ്റില്‍ മെറിറ്റ് ഇന്റര്‍നാഷനല്‍ പ്രതിനിധി അഷ്റഫ് മൊയ്തുട്ടി, മിന്‍ഹ ഗ്രൂപ് എം.ഡി ഷാനവാസ് തൃശൂര്‍, സലിം കൂള്‍ലാന്‍ഡ്, അല്‍ശബാബ് എഫ്.സി സെക്രട്ടറി ജംഷീദ്, വൈസ് പ്രസിഡന്റ് മുജീബ് സല്‍വ, എക്സിക്യൂട്ടിവ് അംഗങ്ങളായ റജി മാത്യു, മുസ്തഫ, നിഷാദ് പൊന്നാനി, ആമിര്‍ ഹാഷിം, ഷംസു പാലിക്കോടന്‍, ഹാറൂന്‍, ഫര്ഹാന്, ഇസ്ഹാഖ്, അംഗങ്ങളായ ജിനീഷ് കുട്ടാപ്പു, ഷഫീഖ്, ആഷിക്, അന്‍സാര്‍, വിഷ്ണു, ബിജു, നബീല്‍, ഫിറോസ്, ഫസല്‍, പാര്ഥന്, സാബിര്‍, ഷിറാസ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.