എന്‍പിഎസ് അഥവാ നാഷണല്‍ പെന്ഷന് സ്കീം ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ റിട്ടയര്‍മെന്റ് തുകയ്ക്കും പെന്‍ഷനും വേണ്ടി പ്രത്യേക പെന്ഷന് ഫണ്ടുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ 18 മുതല്‍ 70വയസ് വരെയുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അംഗമാകാം. സര്‍ക്കാരിന്റെ പിന്തുണ നേരിട്ടുള്ളതിനാല്‍ നിക്ഷേപത്തിന് റിസ്ക് ഉണ്ടാവില്ല.
സാധാരണയായി 80-സി വകുപ്പ് പ്രകാരം ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ് വിവിധ നിക്ഷേപങ്ങള്‍ക്കോ ചിലവുകള്‍ക്കോ ലഭിക്കാറുണ്ട്. കേന്ദ്രസര്‍ക്കാരിന്റേയും പിഎഫ്ആര്‍ഡിഎ (PFRDA)-യുടേയും നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും ഉള്ള ഈ പദ്ധതിക്ക് ദീര്‍ഘകാല നിക്ഷേപം എന്നതിലുപരി നികുതിയിളവിനും ഉപകാരപ്രദമാണ്.
നാഷണല്‍ പെന്ഷന് സ്കീമിലും തൊഴില്ദാതാവിന്റേയോ തൊഴിലാളിയുടേയോ നിശ്ചിത വിഹിതത്തില്‍ 80-സിസിഡി(1) പ്രകാരമോ 80-സിസിഡി (2) പ്രകാരമോ പരമാവധി ഒന്നരലക്ഷം രൂപ വരെ ഇളവ് ലഭിക്കും. ഇവ കൂടാതെ 80-സിസിഡി (1B) പ്രകാരം അമ്ബതിനായിരം രൂപ അധിക നികുതി ഇളവും ദേശീയ പെന്ഷന് സ്കീമില്‍ നിക്ഷേപത്തിന് ലഭിക്കും.
നിലവിലെ നിയമമനുസരിച്ച് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ വളര്‍ച്ച ഉള്‍പ്പെടെയുള്ള തുകയുടെ 60 ശതമാനം മൊത്തമായി പിന്‍വലിക്കാം. ഇങ്ങനെ ലഭിക്കുന്ന തുക പൂര്‍ണമായും നികുതിമുക്തമാണ്. ബാക്കിയുള്ള 40 ശതമാനം തുക പിഎഫ്ആര്‍ഡി നിശ്ചയിച്ചിട്ടുള്ള അന്യൂറ്റി സ്മീലേക്ക് മാറ്റപ്പെടുകയും പെന്‍ഷനായി തിരികെ ലഭിക്കുകയും ചെയ്യും.
വാര്‍ഷിക വരുമാനം 5.5 ലക്ഷം രൂപ (നികുതി വിധേയമായ വരുമാനം) ഉള്ള ഒരു വ്യക്തിക്ക് നിലവിലുള്ള നികുതി നിരക്ക് അനുസരിച്ച് 23,400 രൂപ നികുതി അടയ്ക്കണം, ഈ വ്യക്തിക്ക് എന്‍പിഎസില്‍ 50,000 രൂപ നിക്ഷേപം ഉണ്ടെങ്കില്‍ നികുതി അടയ്ക്കേണ്ടി വരില്ല. അതായത് 50,000 രൂപ എന്‍പിഎസ് നിക്ഷേപം വരുമ്ബോള്‍ ആകെ നികുതി വരുമാനം 5 ലക്ഷത്തില്‍ താഴെയാകുന്നതോടെ നികുതിയില്‍ നിന്നൊഴിവാകും.